വേനല്‍ച്ചൂടാണ്. അകവും പുറവും ഒരുപോലെ പുകയുന്ന ചൂട്. ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ദോഷം വരുത്തുന്ന ഒന്നാണിത്. വേനല്‍ച്ചൂടിനെ പ്രതിരോധിയ്ക്കാനുളള ഒരു വഴിയാണ് വെള്ളം കുടിയ്ക്കുകയെന്നത്. വെള്ളം കുടിയ്ക്കുന്നത് ശരീരത്തിനും ചര്‍മത്തിനുമെല്ലാം ഒരു പോലെ ഗുണകരമാണ്. വെള്ളം തന്നെ നാം പല തരത്തിലുള്ളതും കുടിയ്ക്കാറുണ്ട്. പലതരം ചേരുവകള്‍ ചേര്‍ത്ത വെള്ളം തിളപ്പിച്ചതും പഴ,പച്ചക്കറി ജ്യൂസുകളും സംഭാരവും തണുത്ത വെള്ളവുമെല്ലാം ഇതില്‍ പെടുന്നു. വേനലില്‍ നാം ആശ്രയിക്കുന്ന ഒന്നാണ് കരിക്കിന് വെള്ളം അഥവാ ഇളനീര് വെളളം. ഇതിന് ഗുണങ്ങള്‍ ഒന്നല്ല, പലതാണ്. കരിക്കിന് വെള്ളത്തിന് ശരീരത്തിലെ ജലാംശം പുനഃസ്ഥാപിക്കാനും ഇലക്ട്രോലൈറ്റുകൾ നിറയ്ക്കാനും കഴിയും. മൂത്ര നാളിയിലെ അണുബാധ അകറ്റാനും കരിക്കിന് വെള്ളം കുടിക്കുന്നത് നല്ലതാണ്. മൂത്ര സംബന്ധമായ ഏത് തരം രോഗങ്ങളെയും തടയാനും ഇത് മികച്ചതാണ്. ചര്‍മാരോഗ്യത്തിനും ഇതേറെ ഗുണകരമാണ്.