കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയക്കാരിൽ ഏറ്റവും മുതിർന്ന വ്യക്തിത്വമായിരുന്നു കർദ്ദിനാൾ ജോർജ്ജ് പെൽ.
ബാലപീഡനവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കുറ്റവിമുക്തനായതിന് ശേഷം വത്തിക്കാനിൽ കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ച് വരികെയായിരുന്നു അദ്ദേഹം.
കർദിനാൾ ജോർജ്ജ് പെൽ അന്തരിച്ചതായി സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ സ്ഥിരീകരിച്ചു.
കർദിനാൾ പെല്ലിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് അദ്ദേഹത്തിന്റെ ആത്മ ശാന്തിക്ക് വേണ്ടിയും, കുടുംബാംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് അഭ്യർത്ഥിച്ചു.
മെൽബൺ, സിഡ്‌നി അതിരൂപതകളുടെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ച ജോർജ്ജ് പെല്ലിനെ 2003ലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദ്ദിനാളായി നിയമിച്ചത്.
പിന്നീട് 2014 മുതൽ 2017 വരെ വത്തിക്കാന്റെ സാമ്പത്തിക ചുമതലകളും കർദ്ദിനാൾ ജോർജ്ജ് പെൽ നിർവ്വഹിച്ചു.
ബാലപീപീഡന കേസുകളുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളും കേസുകളും കർദ്ദിനാൾ ജോർജ്ജ് പെല്ലിനെതിരെ നിയമ നടപടിക്ക് കാരണമായി.
ബാലപീഡന കേസുമായി ബന്ധപ്പെട്ട ഒരു കേസിൽ 2018ൽ ജോർജ്ജ് പെൽ കുറ്റക്കാരനെന്ന് കണ്ടെത്തി ജയിലിലടച്ചെങ്കിലും പിന്നീട് 2020ൽ കർദ്ദിനാൾ ജോർജ്ജ് പെല്ലിനെതിരായ ശിക്ഷാവിധികൾ ഹൈക്കോടതി ഏകകണ്ഠമായി റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച റോമിൽ നടന്ന ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ സംസ്കാര ചടങ്ങുകളിലും കർദ്ദിനാൾ ജോർജ്ജ് പെൽ പങ്കെടുത്തിരുന്നു.