കൊച്ചി > യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ഇന്ത്യക്കാർക്കെതിരെയുള്ള ആക്രമണങ്ങൾ വ്യാപകമാകുന്നു. ഇതിനെതിരെ ഫലപ്രദമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാനപതി ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു.
മാൾട്ടയിലെ ട്രോളി കമ്പനി ഉദ്യോഗസ്ഥനായ കോഴിക്കോട് താമരശേരി സ്വദേശി അഖിൽ ജോർജിനെ ചൊവ്വ പുലർച്ചെ ഒരുസംഘം ആക്രമിച്ചിരുന്നു. ഒരാൾ ഫോൺ ചെയ്യാൻ അഖിലിനോട് മൊബൈൽ ചോദിച്ചിട്ട് നൽകാതിരുന്നതിനെ തുടർന്ന് മറ്റു രണ്ടുപേരുമായെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അഖിൽ ചികിത്സയിലാണ്. പുതുവത്സരാഘോഷം നടക്കവെ, ഇന്ത്യക്കാർ താമസിച്ചിരുന്ന മുറിയിൽ കയറി ഒരുസംഘം ആക്രമണം നടത്തിയിരുന്നു. ലാപ്ടോപ് ഉൾപ്പെടെയുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോയി. ഒരുമാസത്തിനുള്ളിൽ ഏഴുതവണയാണ് ഇന്ത്യക്കാരെ ആക്രമിച്ചത്. ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ഇന്ത്യൻ എംബസി കാര്യമായി ഇടപെടുന്നില്ലെന്ന് മാൾട്ടയിൽ നഴ്സായ പെരുമ്പാവൂർ സ്വദേശി സെബിൻ തോമസ് ‘ദേശാഭിമാനി’യോട് പറഞ്ഞു. പരാതി നൽകിയാൽ സ്വീകരിക്കുന്നതല്ലാതെ തുടർപ്രവർത്തനങ്ങളൊന്നും എംബസി നടത്തുന്നില്ല. ഇതിനെതിരെയായിരുന്നു പ്രതിഷേധം. വർധിച്ചുവരുന്ന ആക്രമണങ്ങൾക്ക് വംശീയതയും കാരണമാണ്.
ഇറ്റലിക്കുസമീപമുള്ള ചെറിയ ദ്വീപുരാഷ്ട്രമാണ് മാൾട്ട. സമീപകാലത്തായി ഇവിടേക്ക് മലയാളികൾ പോകുന്നത് വർധിച്ചിട്ടുണ്ട്. അയ്യായിരത്തോളം മലയാളികൾ മാൾട്ടയിലുണ്ട്. ഇവിടെ മറ്റു രാജ്യക്കാർക്ക് പൗരത്വം നൽകാറില്ല. എന്നാൽ, ഇവിടെനിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറ്റം എളുപ്പമാണ്. ഇതാണ് മലയാളികളെ ആകർഷിക്കുന്നത്.