കണ്ണൂർ> ശതകോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ സേഫ് ആൻഡ് സ്ട്രോങ് കമ്പനി ഉടമ പ്രവീൺ റാണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് അടുത്ത ബന്ധം. തട്ടിപ്പുവീരൻ മോൻസൺ മാവുങ്ങലുമായുള്ള ബന്ധംപോലെ പ്രവീൺ റാണയുമായും ഉറ്റ ബന്ധം പുലർത്തുന്നതായി തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
സുധാകരനും പുണെയിലും മറ്റും ഡാൻസ് ബാർ നടത്തുന്ന കണ്ണൂക്കര ചിറ്റാലിക്കൽവീട്ടിൽ ഷൗക്കത്ത് എന്ന ചാപ്പന്റെ ഷൗക്കത്ത്, കണ്ണൂക്കരയിലെ മുല്ല നവാസ് എന്നിവർക്കും ഒപ്പമുള്ള പ്രവീൺ റാണയുടെ ചിത്രമാണ് പ്രചരിക്കുന്നന്നത്. ഷൗക്കത്ത് പ്രവീൺ റാണയുടെ ബിസിനസ് പങ്കാളിയാണ്. ഷൗക്കത്തുമായി കെ സുധാകരനും രാഷ്ട്രീയത്തിനതീതമായി കച്ചവടബന്ധമാണുള്ളത്. സുധാകരന്റെ പല ഇടപാടുകളുടെയും നടത്തിപ്പുകാരനാണ് ഷൗക്കത്ത്. കേരളത്തിനകത്തും പുറത്തും വ്യവസായികളുടെയും കച്ചവടക്കാരുടെയുമെല്ലാം ഇടനിലക്കാരനാണ് മുല്ല നവാസ്.
പ്രവീൺ റാണയുടെ ബിസിനസുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കാണ് മൂവരും സുധാകരനെ കണ്ടത്. പ്രവീൺ റാണ സുധാകരന് ബൊക്കെ നൽകുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽനിന്നെടുത്ത ചിത്രങ്ങളാണിത്. കണ്ണൂരിലെ വീട്ടിലും കണ്ണൂർ ഡിസിസി ഓഫീസിലുമെത്തി ഇവർ പലതവണ സുധാകരനുമായി ചർച്ചനടത്തിയെന്നും വിവരമുണ്ട്.