സ്ത്രീകള്‍ക്ക് ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് ഫൈബ്രോയിഡ് (Fibroids). പരിശോധന നടത്താനും തക്കസമയത്തു ചികിത്സ തേടാനും മടിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണിത്. ഇതേക്കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും പ്രൊഫസറുമായ ഡോ.നാസര്‍ ടി സംസാരിക്കുന്നു. നേരിട്ട് അപകടകാരിയല്ലാത്തതും, പൊതുവെ ക്യാന്‍സര്‍ പോലെയുള്ള അവസ്ഥകളിലേക്കു മാറാന്‍ സാധ്യതയില്ലാത്തതുമായ രോഗമാണിത്. ഗര്‍ഭാശയത്തിലും അണ്ഡാശയത്തിലും സ്തനങ്ങളിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത മുഴകള്‍ അഥവാ ഫൈബ്രോയിഡുകള്‍ (Fibroids) ചികിത്സ വൈകിപ്പിക്കുന്നതു കൊണ്ട് മറ്റു പല ബുദ്ധിമുട്ടുകളിലേക്കു നയിക്കുന്ന ഒരു രോഗമാണ്. മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകള്‍ കൂടുതല്‍ കണ്ടു വരുന്നത്. പയറുമണി മുതല്‍ ചെറിയ ഫുട്‌ബോളിന്റെ വരെ വലുപ്പം വയ്ക്കാവുന്നവയാണ് ഫൈബ്രോയിഡുകള്‍.