ഹൃദയാഘാതം എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് പൊതുവെ ഭയമാണ്. ഒരു കാലത്ത് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരിലും വരുന്നതാണ് ആളുകളില്‍ ഭയം കൂട്ടുന്നത്. മാറി കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയുമൊക്കെ ആണ് ഇതിന്റെ പ്രധാന കാരണം. ഈ അടുത്ത കാലത്ത് നിരവധി ആളുകള്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട വാര്‍ത്തകളാണ് പുറത്ത് വന്നത്. ജനപ്രിയ ഹാസ്യനടന്‍ രാജു ശ്രീവാസ്തവയുടെ മരണ വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നത്.ഹൃദയാഘാതം അനുഭവപ്പെടുന്നവരെ കൃത്യമായ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ ഒരു പരിധി വരെ അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. ഹൃദയഘാതം ഉണ്ടാകുന്നതിന് മുന്‍പ് വരുന്ന ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പലപ്പോഴും ഈ ലക്ഷണങ്ങള്‍ കാര്യമായി എടുക്കാത്തതാണ് മരണത്തിലേക്ക് നയിക്കുന്നത്. കഠിനമായ നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ്. പക്ഷെ നെഞ്ചില്‍ വേദനയോ അസ്വസ്ഥതയോ ഇല്ലാതെയും അറ്റാക്ക് ഉണ്ടാകാം. സൈലന്റ് അറ്റാക്കിന്റെ പല ലക്ഷണങ്ങളും ആളുകളും കാര്യമാക്കാത്ത പോകുന്നതാണ് അപകടം കൂട്ടുന്നത്.