ലിബറൽ പാർട്ടിയുടെ പുതിയ നേതാവും, പ്രതിപക്ഷ നേതാവുമായി മുൻ പ്രതിരോധമന്ത്രി പീറ്റർ ഡറ്റനെ തെരഞ്ഞെടുത്തു. മുൻ പരിസ്ഥിതി മന്ത്രി സൂസൻ ലേയാണ് ഉപനേതാവ്.
ഫെഡറൽ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം സ്കോട്ട് മോറിസൻ രാജിവച്ച ഒഴിവിലാണ്, പീറ്റർ ഡറ്റനെ പുതിയ നേതാവായി ലിബറൽ പാർട്ടി റൂം തെരഞ്ഞെടുത്തത്.
എതിരില്ലാതെയായിരുന്നു ഡറ്റന്റെ വിജയം. നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ മറ്റാരും മുന്നോട്ടു വന്നില്ല.
സൂസൻ ലേയെ ഉപനേതാവായി തെരഞ്ഞെടുത്തതും എതിരില്ലാതെയാണ്.
പാർട്ടിയെ മുന്നോട്ടു നയിക്കാൻ പ്രാപ്തരാണ് ഇരുവരുമെന്ന് തെരഞ്ഞെടുപ്പിനു ശേഷം സ്കോട്ട് മോറിസൻ പറഞ്ഞു.
മികച്ച അനുഭവസമ്പത്തും, ഓസ്ട്രേലിയയോടും ലിബറൽ പാർട്ടിയോടും പ്രതിജ്ഞാബദ്ധതയുമുള്ളവരാണ് ഇരു നേതാക്കളുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയെന്ന നിലയിൽ തനിക്ക് നൽകിയ പിന്തുണയ്ക്ക് പാർട്ടി അംഗങ്ങളോട് മോറിസൻ നന്ദി പറയുകയും ചെയ്തു.
സ്കോട്ട് മോറിസന്റെ പിൻഗാമിയാകാൻ മുൻ ട്രഷറർ ജോഷ് ഫ്രൈഡൻബർഗിനാണ് ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നതെങ്കിലും, തെരഞ്ഞെടുപ്പിൽ തോറ്റതോടെ അദ്ദേഹത്തിന്റെ സാധ്യതകൾ ഇല്ലാതായി.
ലിബറൽ പാർട്ടിയുടെ സുരക്ഷിത സീറ്റെന്ന് അറിയപ്പെട്ടിരുന്ന കൂയോംഗിലാണ് ഫ്രൈഡൻബർഗ് തോറ്റത്.
ക്വീൻസ്ലാന്റിലെ ഡിക്സൻ സീറ്റിൽ നിന്നുള്ള എം പിയാണ് പീറ്റർ ഡറ്റൻ.
ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തുന്ന ആദ്യ ക്വീൻസ്ലാന്റുകാരൻ കൂടിയാണ് അദ്ദേഹം.
ലിബറൽ പാർട്ടിയിലെ യാഥാസ്ഥിതികപക്ഷത്തിന്റെ പ്രതിനിധിയായാണ് പീറ്റർ ഡറ്റൻ അറിയപ്പെടുന്നത്.
പാർട്ടിയെ നയിക്കാൻ താൻ യോഗ്യനാണെന്ന് മുൻ പൊലീസ് ഓഫീസർ കൂടിയായ പീറ്റർ ഡറ്റൻ നേരത്തേ പറഞ്ഞിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത, രാജ്യത്തിനു വേണ്ടി ശക്തമായി നിൽക്കുന്ന ഒരാളാണ് നയിക്കാനായി വേണ്ടതെന്നും, അക്കാര്യങ്ങൾ താൻ പ്രവൃത്തിയിലൂടെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടിയുടെ അടിസ്ഥാന നയങ്ങളിലേക്ക് ലിബറലിനെ തിരിച്ചുകൊണ്ടുപോകാനാകും താൻ ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ വനിതകൾ
ഷാഡോ മന്ത്രിസഭിയേലക്ക് കൂടുതൽ വനിതകളെ നിയോഗിക്കുമെന്ന് ക്വീൻസ്ലാന്റിൽ നിന്നുള്ള ലിബറൽ എം പി സ്റ്റുവർട്ട് റോബർട്ട് പറഞ്ഞു.
സ്കോട്ട് മോറിസൻ സർക്കാരിലുണ്ടായിരുന്ന നിരവധി മന്ത്രിമാർ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു.
ഇവർക്ക് പകരക്കാരെ നിയോഗിക്കുമ്പോൾ, അതിൽ കൂടുതൽ സ്ത്രീകളുണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് സ്റ്റുവർട്ട് റോബർട്ട് ചൂണ്ടിക്കാട്ടി.
ലിബറൽ പാർട്ടിയുടെ പല സുരക്ഷിത സീറ്റുകളും പിടിച്ചെടുത്തത് സ്വതന്ത്രരായി മത്സരിച്ച സ്ത്രീകളായിരുന്നു.
പാർലമെന്റിനുള്ളിൽ വനിതകൾക്ക് നേരേ നടന്ന അതിക്രമങ്ങളിൽ വ്യക്തമായി നടപടിയെടുക്കാൻ സ്കോട്ട് മോറിസൻ സർക്കാർ തയ്യാറായില്ല എന്ന ആരോപണവും ലിബറൽ പാർട്ടിയെ തെരഞ്ഞെടുപ്പിൽ ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ.
കടപ്പാട്: SBS മലയാളം