കൊച്ചി> പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് സ്ഥാപനമായ എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ബുധനാഴ്ച ആരംഭിച്ചു. ഒമ്പതുവരെ നീളുന്ന ഐപിഒയിലൂടെ, പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയുടെ 3.5 ശതമാനംവരുന്ന 22,13,74,920 ഇക്വിറ്റി ഓഹരികളാണ് വിൽക്കുന്നത്. അഞ്ച് ശതമാനം ഓഹരി വിൽക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, വിപണിയിൽനിന്നുള്ള പ്രതികരണം അനുകൂലമല്ലാതായതോടെ വിൽപ്പന വെട്ടിക്കുറച്ചു. രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ 74.60 ശതമാനം വിപണിവിഹിതമുള്ള എൽഐസിക്ക് ആറുലക്ഷം കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്.
രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടയിലും എൽഐസിയുടെ ഓഹരി വിറ്റ് നിലവിൽ 21,000 കോടി രൂപയോളം സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 902 മുതൽ 949 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഓഹരികളിൽ 50 ശതമാനം യോഗ്യരായ സ്ഥാപനനിക്ഷേപകർക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും ലഭ്യമാകും.
വ്യക്തിഗത റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 15 ഓഹരികളുടെ ഒരു ലോട്ടിനും (14,235 രൂപ) പരമാവധി 14 ലോട്ടിനും (1,99,290 രൂപ) അപേക്ഷിക്കാം. പോളിസി ഉടമകൾക്ക് ഐപിഒയുടെ 10 ശതമാനംവരുന്ന 2,21,37,492 ഓഹരികളും ജീവനക്കാർക്ക് അഞ്ച് ശതമാനംവരുന്ന 15,81,249 ഓഹരികളും മാറ്റിവച്ചിട്ടുണ്ട്. പോളിസി ഉടമകൾക്ക് ഓഹരി ഒന്നിന് 60 രൂപയും ജീവനക്കാർക്ക് 45 രൂപയും വിലയിൽ ഇളവ് ലഭിക്കും. ഓഹരികൾ മെയ് 17ന് എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.