ന്യൂഡൽഹി> രാജ്യത്ത് വിലക്കയറ്റത്തോടൊപ്പം അതിരൂക്ഷമായ തൊഴിലില്ലായ്മയും. തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലിൽ 7.83 ശതമാനത്തിലേക്ക് ഉയർന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഇഐ) കണക്കുകൾ പ്രകാരം മാർച്ചിൽ 7.6 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. നഗരങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് മാർച്ചിലെ 8.28 ശതമാനത്തിൽ നിന്ന് 9.22 ശതമാനമായി ഉയർന്നു. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 7.29 ശതമാനത്തിൽ നിന്ന് 7.18 ശതമാനമായി കുറഞ്ഞു.
ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് ഹരിയാനയിലാണ്–- 34.5 ശതമാനം. രാജസ്ഥാനിൽ 28.8 ഉം, ബീഹാറിൽ 21.2 ഉം ഡൽഹിയിൽ 11.2 ഉം ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. തൊഴിലില്ലായ്മാ നിരക്കിനൊപ്പം പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. ജനുവരിയിൽ 11.14 ലക്ഷം പുതിയ ഇപിഎഫ് വരിക്കാരുണ്ടായിരുന്നത് ഫെബ്രുവരിയിൽ 9.34 ലക്ഷമായി കുറഞ്ഞു. ഇന്ത്യയിൽ നിയമപ്രകാരം തൊഴിലെടുക്കാവുന്ന 90 കോടി പേരിൽ പകുതിയിലേറെയും തൊഴിൽ കിട്ടാത്തതിൽ നിരാശരായി തൊഴിലന്വേഷണം അവസാനിപ്പിച്ചതായി സിഎംഇഐ റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ പങ്കാളിത്ത നിരക്കാകട്ടെ 46 ശതമാനത്തിൽ നിന്നും നാൽപ്പത് ശതമാനമായി കുറഞ്ഞു.
തൊഴിലില്ലായ്മ കൂടിയതിനൊപ്പം വിലക്കയറ്റവും രൂക്ഷമാവുകയാണ്. മാർച്ചിൽ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 6.91 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 7.68 ശതമാനമാണ്.