ലണ്ടൻ
കറുത്തകുതിരകളായ വിയ്യാറയലിനെ വീഴ്ത്തി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിന് അരികെ. ആൻഫീൽഡിൽ നടന്ന ആദ്യപാദത്തിൽ രണ്ട് ഗോളിനാണ് ലിവർപൂളിന്റെ ജയം. യുവന്റസിനെയും ബയേൺ മ്യൂണിക്കിനെയും അട്ടിമറിച്ചെത്തിയ വിയ്യാറയൽ ലക്ഷ്യത്തിലേക്ക് ഒറ്റ പന്തുപോലും തൊടുക്കാതെയാണ് കീഴടങ്ങിയത്. പ്രെവിസ് എസ്തോപിനാനിന്റെ പിഴവിലൂടെ മുന്നിലെത്തിയ ലിവർപൂൾ, സൂപ്പർതാരം സാദിയോ മാനെയിലൂടെ ലീഡുയർത്തി. രണ്ടാംപകുതിയായിരുന്നു ഗോളുകൾ. സീസണിൽ നാല് കിരീടമാണ് യുർഗൻ ക്ലോപ്പും കൂട്ടരും ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ് ലീഗിൽ അഞ്ച് വർഷത്തിനിടയിലെ മൂന്നാംഫൈനലാണ് നോട്ടം.
യൂറോപ്യൻ ലീഗുകളിൽ മികച്ച റെക്കോഡുള്ള പരിശീലകൻ ഉനായ് എമെറിക്കുകീഴിൽ മികച്ച പ്രകടനവുമായാണ് വിയ്യാറയൽ സെമിയിൽ ഇടംപിടിച്ചത്. പ്രീ ക്വാർട്ടറിൽ യുവന്റസിനെയും ക്വാർട്ടറിൽ ബയേണിനെയും വീഴ്ത്തിയ പ്രത്യാക്രമണതന്ത്രം ലിവർപൂളിനെതിരെ ഫലിച്ചില്ല.
അർനൗത് ദാൻജുമയും സാമുവേൽ ചുക്വേസെയും ഉൾപ്പെട്ട വിയ്യാറയൽ മുൻനിരയെ വിർജിൽ വാൻഡിക് നേതൃത്വം നൽകിയ ലിവർപൂൾ പ്രതിരോധം തളച്ചു. മധ്യനിരക്കാരൻ തിയാഗോയാണ് ഇംഗ്ലീഷുകാരുടെ കളി നിയന്ത്രിച്ചത്. ഈ മുപ്പത്തൊന്നുകാരൻ മുന്നേറ്റത്തിന്റെയും പ്രതിരോധത്തിന്റെയും കണ്ണിയായി. കളിയിലാകെ 99 പാസുകളാണ് തിയാഗോ കൂട്ടുകാർക്ക് നൽകിയത്. ആദ്യപകുതിയുടെ അവസാനം തിയാഗോയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിമടങ്ങി.
ഇടവേളകഴിഞ്ഞ് ലിവർപൂൾ ആക്രമണം കനപ്പിച്ചു. ഫാബീന്യോ വലകുലുക്കിയെങ്കിലും ഓഫ്സൈഡായി. പിന്നാലെയായിരുന്നു എസ്തോപിനാനിന്റെ പിഴവുഗോൾ. ജോർദാൻ ഹെൻഡേഴ്സണിന്റെ അടി വിയ്യാറയൽ താരത്തിൽ തട്ടി വലയിലാവുകയായിരുന്നു. രണ്ട് മിനിറ്റിനകം മാനെ രണ്ടാംഗോൾ കുറിച്ചു. മുഹമ്മദ് സലായാണ് വഴിയൊരുക്കിയത്. ആൻഡ്രു റോബർട്സണിലൂടെ ലിവർപൂൾ മൂന്നാമതും ലക്ഷ്യം കണ്ടെങ്കിലും ഇത്തവണയും ഓഫ്സൈഡ് കെണിയിലായി. കൂടുതൽ പിഴവുകളില്ലാതെ വിയ്യാറയൽ പ്രതിരോധം പിടിച്ചുനിന്നതോടെ ആദ്യപാദം രണ്ട് ഗോളിന് ലിവർപൂൾ നേടി. ഇനി മെയ് മൂന്നിന് വിയ്യാറയലിന്റെ തട്ടകത്തിലാണ് രണ്ടാംപാദം.
സീസണിൽ ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ ലിവർപൂൾ, എഫ്എ കപ്പിൽ ഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്.
പ്രീമിയർ ലീഗിൽ അഞ്ച് കളി ബാക്കിനിൽക്കേ ഒരുപോയിന്റ് വ്യത്യാസത്തിൽ രണ്ടാംസ്ഥാനത്തുമുണ്ട്.