പനിയുടെ സമയത്ത് വായ്ക്ക് രുചി നഷ്ടപ്പെടുന്നു. വായ്ക്ക് പൊതുവെ ഒരു കയ്പ്പ് രുചി ആയിരിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ എന്ത് കഴിക്കണം? ഈ സമയത്ത് ശരീരത്തിന് വേണ്ട ഊർജ്ജവും പോഷകങ്ങളും ലഭിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ കൂടുതൽ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. പനിയിൽ നിന്ന് ആശ്വാസം തരുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്?
പനിയുളളപ്പോൾ ഒഴിവാക്കേണ്ടത്
ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ പനി ഉള്ള സമയത്ത് വേണ്ടെന്ന് വയ്ക്കാം, കാരണം നിങ്ങളുടെ ദഹനവ്യവസ്ഥ പനി ഉളളപ്പോൾ അതിന്റെ മികച്ച രൂപത്തിലായിരിക്കില്ല. കൂടാതെ, നിങ്ങളുടെ ശരീരത്തിന് വിറ്റാമിനുകളും ധാതുക്കളും നൽകാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇനി പറയുന്നവ പനി ഉള്ള സമയത്ത് കഴിക്കുന്നത് ഒഴിവാക്കുക:
ചുവന്ന മാംസം
കക്കയിറച്ചി, ഞണ്ട് പോലുള്ള പുറംതൊടുള്ള കടൽവിഭവങ്ങൾ
അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ
പാസ്ചറൈസ് ചെയ്യാത്ത പാലും സമാനമായ ഉൽപ്പന്നങ്ങളും
സോഡ
കാപ്പി
മദ്യം
വേണ്ടത് പോഷകസമ്പന്നമായ ഭക്ഷണങ്ങൾ
പനി വരുമ്പോൾ, നിങ്ങളുടെ ശരീരത്തിന് വളരെയധികം ആവശ്യമുള്ള പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണങ്ങളും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാത്ത ഭക്ഷണങ്ങളും മാത്രമേ കഴിക്കുന്നുള്ളൂ എന്ന് പ്രത്യേകം ഉറപ്പാക്കേണ്ടതുണ്ട്. കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചിക്കൻ സൂപ്പ്
പനി വരുമ്പോൾ ഒരു ബൗൾ ചൂടുള്ള ചിക്കൻ സൂപ്പ് കഴിക്കുന്നത് നിങ്ങൾക്ക് നല്ലതായിരിക്കുമെന്ന് പറയുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ആദ്യം, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ദ്രാവക ഉപഭോഗം വർദ്ധിപ്പിക്കുന്നു, നിങ്ങളുടെ ശരീര താപനില കുറയ്ക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. രണ്ടാമതായി, ചിക്കൻ സൂപ്പ് ശരീരത്തിന് പ്രോട്ടീൻ നൽകുന്നു, അത് ത്വരിതഗതിയിലുള്ള രോഗശാന്തിക്ക് ആവശ്യമാണ്.
ചിക്കൻ, മത്സ്യം
പനി ഉണ്ടാകുമ്പോൾ, വളരെ വേഗത്തിൽ സുഖം പ്രാപിക്കാൻ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ പ്രോട്ടീനും ലഭിക്കേണ്ടതുണ്ട്. പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ചിലത് ചിക്കനും മത്സ്യവുമാണ്, പക്ഷേ ദഹനം എളുപ്പമാക്കുന്നതിന് അവ നന്നായി പാകം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. മത്സ്യം, പ്രത്യേകിച്ച് കൊഴുപ്പ് മയമുള്ളവ, ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്, ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
പച്ചക്കറികൾ
പച്ചക്കറികളേക്കാൾ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ മറ്റൊന്നിനും കഴിയില്ല. ദഹനം എളുപ്പമാക്കുന്നതിന് നിങ്ങളുടെ പച്ചക്കറികൾ നന്നായി പാകം ചെയ്യുന്നു എന്നുറപ്പാക്കുക. നന്നായി പാകം ചെയ്യാത്തവ കഴിച്ചാൽ അത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
പഴങ്ങൾ
വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴങ്ങൾ തിരഞ്ഞെടുക്കുക. ഇത് ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ ഒന്നാണ്. നിങ്ങൾക്ക് അത്ര വിശപ്പ് അനുഭവപ്പെടുന്നില്ലെങ്കിൽ, ഫ്രഷ് ജ്യൂസുകൾ കഴിക്കുന്നത് വളരെ നല്ലതാണ്.
ഗ്രീക്ക് യോഗർട്ട്
പനിയുള്ള ഏതൊരാൾക്കും ഗ്രീക്ക് യോഗർട്ട് കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു, കാരണം ഇത് ശരീരത്തിന് നല്ല ബാക്ടീരിയകൾ നൽകുന്നു, ഇത് അണുബാധയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളെ ചെറുക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തെ കഴിയുന്നത്ര വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്ന പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് ഗ്രീക്ക് യോഗർട്ട്.
തേങ്ങാവെള്ളം
കരിക്കിൻ വെള്ളം അല്ലെങ്കിൽ തേങ്ങാവെള്ളം കുടിക്കണം, കാരണം ഇത് ശരീരത്തിന്റെ ജലശം വർധിപ്പിക്കുന്ന ഒരു അസാധാരണ ഹൈഡ്രേറ്ററാണ് – പനിയുള്ള ആർക്കും ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും നിങ്ങൾക്ക് നേരിയ വയറിളക്കം ഉണ്ടെങ്കിൽ, തേങ്ങാവെള്ളം കുടിക്കുന്നത് നിർജ്ജലീകരണ പ്രശ്നങ്ങൾ ഇല്ലാതാകാൻ സഹായിക്കും.
ശ്രദ്ധിക്കുക
പനി കുറയാൻ സ്വയം ചികിത്സകൾ ഒഴിവാക്കുക. പനി 103 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. എന്നിരുന്നാലും ഡോക്ടറെ കാണാൻ ശരീര താപനില ഇത്രയധികം ഉയരുന്നത് വരെ കാത്തിരിക്കേണ്ട. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ശരീരവേദനയോ അസ്വസ്ഥതയോ രോഗബാധയുള്ളതായി തോന്നുന്ന മുറിവോ ഉണ്ടെങ്കിൽ, നിങ്ങൾ ഉടൻ ഒരു ഡോക്ടറുടെ സഹായം തേടണം.