കൊച്ചി> ഉക്രയ്നിലെ യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഓഹരിവിപണി വൻ തകർച്ചയിലേക്ക് നീങ്ങിയതോടെ സ്വർണവില വീണ്ടും കുതിച്ചുയർന്നു.
സംസ്ഥാനത്ത് തിങ്കളാഴ്ച പവന് 800 രൂപയാണ് കൂടിയത്. ഇതോടെ പവന് 39, 520 രൂപയും ഗ്രാമിന് 100 രൂപ വർധിച്ച് 4940 രൂപയുമായി. കൂടുതൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആഗോളതലത്തിൽ നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതാണ് വില കുത്തനെ ഉയർത്തിയത്. പുതിയ വിലയനുസരിച്ച് സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണത്തിന് കുറഞ്ഞത് 43,800 രൂപ കൊടുക്കേണ്ടിവരും.
ഉക്രയ്ൻ അതിർത്തിയിലേക്ക് റഷ്യ സൈനികനീക്കം ആരംഭിച്ചതിന് പുറകെ ഫെബ്രുവരി 12നും ഈ മാസം രണ്ടിനും സംസ്ഥാനത്ത് പവൻ വില 800 രൂപവീതവും യുദ്ധമാരംഭിച്ച ഫെബ്രുവരി 24ന് 1000 രൂപയും വർധിച്ചിരുന്നു. ആറ് ദിവസത്തിനുള്ളിൽ പവന് 1920 രൂപ കൂടി. യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 2720 രൂപ വർധിച്ചു.