മോസ്ക്കോ> യൂറോപ്പിന് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് റഷ്യ. റഷ്യയുടെ ഉക്രയ്ന് അധിനിവേശവുമായി ബന്ധപ്പെട്ട് രാജ്യങ്ങള് ഉപരോധം ഏര്പ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. കടലിലൂടെയുള്ള, ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ നോഡ് സ്ട്രീം ഒന്ന് പൈപ്പ് ലൈന് വഴിയുള്ള വാതക വിതരണം അവസാനിപ്പിക്കുമെന്നാണ് റഷ്യയുടെ ഭീഷണി.
‘റഷ്യന് സാമ്പത്തിക വ്യവസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കുകയാണെങ്കില് തിരിച്ചും നിലപാട് സ്വീകരിക്കാന് റഷ്യയ്ക്കവകാശമുണ്ട്’- റഷ്യന് ഉപപ്രധാനമന്ത്രി അലക്സാണ്ടര് നൊവാക്ക് പറഞ്ഞു. പ്രകൃതി വാതക വിതരണം നിര്ത്താന് ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും പൈപ്പ്ലൈന് പൂര്ണ കാര്യക്ഷമതയോടെ നിലവില് പ്രവര്ത്തക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അന്താരാഷ്ട്ര തലത്തില് നിലനില്ക്കുന്ന ഊര്ജ പ്രതിസന്ധി കൂടുതല് ഗുരുതരമാകുന്നതിലേക്കായിരിക്കും റഷ്യയുടെ തീരുമാനം എത്തിച്ചേരുകയെന്ന് വിദഗ്ധര് പറയുന്നു.