മലപ്പുറം> സംസ്ഥാന കായിക ഭൂപടത്തിലേക്ക് കേരള പൊലീസിന്റെ ശക്തമായ തിരിച്ചുവരവ്. തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സര്വകലാശാല സിന്തറ്റിക് ട്രാക്കില് പൊലീസിന്റെ 22 താരങ്ങളാണ് സംസ്ഥാന സീനിയര് അത്ലറ്റിക് മീറ്റില് കളത്തിലിറങ്ങിയത്. ഏഴ് സ്വര്ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായാണ് മടക്കം.
2016ല് അധികാരത്തില്വന്ന എല്ഡിഎഫ് സര്ക്കാര് രണ്ടുഘട്ടമായി മൂപ്പതോളം അത്ലറ്റുകള്ക്കാണ് സ്പോര്ട്സ് ക്വോട്ടയില് നിയമനം നല്കിയത്. നിലവില് 36 അംഗ അത്ലറ്റിക് ടീമാണ് കേരള പൊലീസിനുള്ളത്. ഇതില് വൈ മുഹമ്മദ് അനീസ്, മരീന ജോര്ജ് എന്നിവര് ഇന്ത്യന് ക്യാമ്പിലാണ്. ടീമിനെ കൂടുതല് ശക്തിപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി 19 താരങ്ങളെക്കൂടി നിയമിക്കുന്നതിനുള്ള സെലക്ഷന് ട്രയല്സ് കഴിഞ്ഞു. നിയമന ഉത്തരവ് അധികം വൈകാതെ പുറത്തിറങ്ങും.
കൂടുതല് കായികതാരങ്ങള്ക്ക് നിയമനം നല്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനം ഒരുക്കാനും തീരുമാനമുണ്ട്. ജമ്പ് ഇനങ്ങള്ക്ക് രണ്ട് പ്രത്യേക പരിശീലകരെ നിയമിക്കും. പോള്വോള്ട്ട് ബെഡ് അടക്കമുള്ളവയും ഒരുക്കും.
എഡിജിപി മനോജ് അബ്രഹാമാണ് പൊലീസിന്റെ സ്പോര്ട്സ് ഓഫീസര്. എം ക്ലീറ്റസ്, എസ് ശ്രീജിത്ത്, വി വിവേക്, കെ എസ് ബിജു എന്നിവരാണ് പരിശീലകര്.സീനിയര് അത്ലറ്റിക് മീറ്റില് കേരള പൊലീസിന്റെ മെഡല് നേട്ടം
സ്വര്ണം നേടിയവര്
അരുണ് ബേബി (ജാവലിന് ത്രോ– റെക്കോഡ്), സൗമ്യ വര്ഗീസ് (100 മീറ്റര് ഹര്ഡില്സ്), എന് വി സഹദ് (110 മീറ്റര് ഹര്ഡില്സ്), മനു ഫ്രാന്സിസ് (ഹൈജമ്പ്), അലീന ജോസ് (ട്രിപ്പിള് ജമ്പ്), 4X100 റിലേ (മൂന്നുപേര്– എ പി ഷില്ബി, രമ്യ രാജന്, സൗമ്യ വര്ഗീസ്), 4X400 റിലേ (സ്മൃതി മോള്, ജെയ്സ് റാണി, അന്സ ബാബു, നിബ).
വെള്ളി
രേഷ്മ രവീന്ദ്രന്(പോള്വോള്ട്ട്), എം സുഗിന (100 മീറ്റര് ഹര്ഡില്സ്), എം പി സഫിദ (1500 മീ), സിറാജുദ്ദീന് (ലോങ് ജമ്പ്), കെ പി അശ്വിന് (100 മീറ്റര്), ബോബി സാബു (ട്രിപ്പിള് ജമ്പ്).
വെങ്കലം
എ പി ഷില്ബി (100മീ, 200മീ), ആതിര സോമരാജ് (ഹൈജമ്പ്). അന്സ ബാബു (400മീറ്റര്).