ഒമ്പത് മാസം മുമ്പ് പഴയ കരാറിന്റെ കാലാവധി അവസാനിച്ചതിനാൽ പുതിയ എന്റർപ്രൈസ് കരാർ ചർച്ച ചെയ്യാൻ, നടത്തിയ ശ്രമങ്ങൾ ഫലം കാണാത്തതിനാൽ ഇന്നലെ ഏറെക്കുറെ പൂർണ്ണമായും മെട്രോ സർവീസുകൾ മുടങ്ങി. എന്നാൽ പബ്ലിക്കിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് സിഡ്നിയിൽ ഉടനീളം കുറച്ച ട്രെയിൻ സർവീസുകൾ ഇന്ന് രാവിലെ മുതൽ പുനരാരംഭിച്ചു.
സിഡ്നിയിലെ ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങിയെങ്കിലും, ഇന്നലെ റെയിൽ ശൃംഖല അടച്ചതിന് ശേഷം ഇന്ന് (ചൊവ്വാഴ്ച) പരിമിതമായ സർവീസുകൾ മാത്രമേയുള്ളൂ എന്നാണ് പറയപ്പെടുന്നത്. ഇന്നലത്തെ ചർച്ചകളിൽ ഉണ്ടായ ചില സുപ്രധാന തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.
പ്രധാന പോയിന്റുകൾ:
- രാത്രി വൈകി നടത്തിയ ചർച്ചകളെത്തുടർന്ന്, പരിമിതമായ സർവീസുകൾ ചൊവ്വാഴ്ച പുലർച്ചെ 5 മുതൽ പുനരാരംഭിക്കും.
- യാത്രക്കാർക്ക് കാലതാമസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും,സാധ്യമെങ്കിൽ ബദൽ ഗതാഗതം കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്യുന്നു.
- പ്രധാന റെയിൽ ഇടനാഴികളിലൂടെ പകരം ബസുകൾ ഓടും.
- പുലർച്ചെ 5 മുതൽ സിഡ്നി റെയിൽ ശൃംഖലയിലെ എല്ലാ ലൈനുകളിലും കുറഞ്ഞ സേവനങ്ങൾ പ്രവർത്തിക്കുമെന്നും ദിവസം മുഴുവൻ കുറഞ്ഞത് 30 മിനിറ്റ് ആവൃത്തിയിൽ പ്രവർത്തിക്കുമെന്നും NSW ഗതാഗത മന്ത്രി ഡേവിഡ് എലിയട്ട് പറഞ്ഞു. കൂടാതെ, പ്രധാന റെയിൽ ഇടനാഴികളിൽ 150 ഓളം ബസുകൾ പകരമായി സർവീസുകൾ നടത്തും.
വാരാന്ത്യത്തിൽ റെയിൽവേ യൂണിയനുമായുള്ള ചർച്ചകൾ തകർന്നതിന്റെ പശ്ചാത്തലത്തിൽ റെയിൽവേ ശൃംഖല പൂർണ്ണമായും അടച്ചുപൂട്ടാനുള്ള NSW ഗവൺമെന്റിന്റെ ഞെട്ടിക്കുന്ന തീരുമാനത്തെത്തുടർന്ന് യാത്രക്കാർക്ക് ഒരു ദിവസത്തെ അരാജകത്വത്തിനും, തടസ്സത്തിനും ശേഷമാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന വരുന്നതെന്ന ആക്ഷേപം യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. സാധ്യമെങ്കിൽ നാളെ ഇതര യാത്രകൾ കണ്ടെത്താൻ സിഡ്നി ട്രെയിൻസ് റെയിൽവേ യാത്രക്കാരെ പ്രോത്സാഹിപ്പിച്ചു.തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി യൂണിയനുകളും, ട്രാൻസ്പോർട്ട് പ്രതിനിധികളും തിങ്കളാഴ്ച ഫെയർ വർക്ക് കമ്മീഷനിൽ തിരിച്ചെത്തി. വിഷയം സങ്കീർണ്ണമായതിനാൽ തീരുമാനം ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു.
ഒരു പ്രസ്താവനയിൽ, ഡേവിഡ് എലിയട്ട് റെയിൽ യൂണിയനുകളോട് “അവരുടെ രാഷ്ട്രീയ അജണ്ട മാറ്റിവയ്ക്കാൻ അഭ്യർത്ഥിച്ചു, അതിനാൽ സിഡ്നിനിവാസികൾക്ക് കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടിവരില്ല”.
ഇന്ന് വൈകുന്നേരം യൂണിയനുമായി നടത്തിയ ചർച്ചയെത്തുടർന്ന് പരിമിതമായ ചില സേവനങ്ങൾ ഏർപ്പെടുത്താൻ സർക്കാർ സമ്മതിച്ചതായി റെയിൽ, ട്രാം, ബസ് യൂണിയനിൽ നിന്നുള്ള തൊഴിലാളി പ്രതിനിധി അലക്സ് ക്ലാസ്സെൻസ് പറഞ്ഞു.
റെയിൽ തൊഴിലാളികൾ അവരുടെ വ്യാവസായിക പ്രവർത്തനം തുടരുമെന്നും എന്നാൽ അത് നാളെ ആസൂത്രണം ചെയ്ത കുറഞ്ഞ സമയക്രമത്തെ തടസ്സപ്പെടുത്തില്ലെന്നും മിസ്റ്റർ ക്ലാസ്സെൻസ് പറഞ്ഞു.
“ആ സേവനങ്ങൾ കഴിയുന്നത്ര മികച്ച രീതിയിൽ തുടരാനാകുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും,” അദ്ദേഹം പറഞ്ഞു.
“യാത്രാദുരിതമാർന്ന ഒരു ദിവസത്തിനും, നിരവധി ചർച്ചകൾക്കും ശേഷം, നാളെ NSW ലെ ജനങ്ങൾക്ക് വീണ്ടും ട്രെയിൻ സർവീസ് ഭാഗികമായി ഉണ്ടായിരിക്കും, എന്നർത്ഥമുള്ള ഒരു നിലപാടിൽ ഞങ്ങൾ എത്തിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ ട്രെയിൻ ശൃംഖല അടച്ചുപൂട്ടേണ്ടി വന്നുവെന്ന NSW പ്രീമിയർ ഡൊമിനിക് പെറോട്ടെറ്റിന്റെ അവകാശവാദം റെയിൽവേ യൂണിയൻ നിരസിച്ചു.
“ഇല്ല, ഇല്ല. ഞങ്ങൾ അതിൽ തർക്കിക്കുന്നു,” മിസ്റ്റർ ക്ലാസ്സെൻസ് പറഞ്ഞു.
“അവർക്ക് ഇന്ന് സേവനങ്ങൾ റദ്ദാക്കേണ്ട ആവശ്യമില്ല.”
ഒമ്പത് മാസം മുമ്പ് പഴയ കരാറിന്റെ കാലാവധി അവസാനിച്ചതിനാൽ പുതിയ എന്റർപ്രൈസ് കരാർ ചർച്ച ചെയ്യാൻ യൂണിയൻ ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഉണർന്ന് ട്രെയിൻ സർവീസുകളൊന്നും ഇല്ലെന്ന് കണ്ട് റെയിൽവേ ജീവനക്കാർ ഞെട്ടിപ്പോയെന്നും പരിഭ്രാന്തിയിലാണെന്നും മിസ്റ്റർ ക്ലാസ്സെൻസ് പറഞ്ഞു.
യൂണിയന്റെ ക്ലെയിമുകളുടെ പട്ടികയിലൂടെ NSW സർക്കാർ പ്രവർത്തിക്കുന്നത് തുടരുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.