തലശേരി
തിങ്കളാഴ്ച പുലർച്ചെ ആർഎസ്എസ് സംഘം വീടിനുമുന്നിലിട്ട് അരുംകൊല ചെയ്ത സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീമുത്തപ്പൻ വീട്ടിൽ ഹരിദാസൻ (54) ഇനി ജ്വലിക്കുന്ന സ്മരണ. കുടുംബാംഗങ്ങളുടെയും പ്രിയ സഖാക്കളുടെയും നാടിന്റെയും കണ്ണീരിൽ കുതിർന്ന അന്ത്യാഭിവാദ്യത്തോടെ മൃതദേഹം സംസ്കരിച്ചു. സഹോദരപുത്രൻ ഘനശ്യാം ചിതയ്ക്ക് തീകൊളുത്തി.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സിപിഐ എം നേതാക്കൾ ഏറ്റുവാങ്ങി ചെങ്കൊടി പുതപ്പിച്ചു. പരിയാരം മുതൽ തലശേരി പുന്നോൽ താഴെവയൽവരെയുള്ള വിലാപയാത്രയിൽ ആയിരങ്ങൾ പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാൻ കാത്തുനിന്നു. അമ്മയും ഭാര്യയും കുടുംബാംഗങ്ങളും ഹരിദാസന് വിടപറയാനെത്തിയ നിമിഷം ഹൃദയഭേദകമായി. കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, ഡോ. വി ശിവദാസൻ എംപി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർ ചേർന്നാണ് ചെങ്കൊടി പുതപ്പിച്ചത്.
പരേതനായ ഫൽഗുനന്റെയും ചിത്രാംഗിയുടെയും മകനാണ് ഹരിദാസൻ. ഭാര്യ: മിനി (കാഞ്ഞങ്ങാട്). മക്കൾ: ചിന്നു, നന്ദന (പ്ലസ്വൺ വിദ്യാർഥി). മരുമകൻ: കലേഷ് (വാവാച്ചിമുക്ക്). സഹോദരങ്ങൾ: ഹരീന്ദ്രൻ (മത്സ്യത്തൊഴിലാളി), സുരേന്ദ്രൻ (ഓട്ടോഡ്രൈവർ), സുരേഷ്ബാബു(ഫർണിച്ചർ വർക്ക്, സിപിഐ എം പുന്നോൽ ഈസ്റ്റ് ബ്രാഞ്ചംഗം), സുചിത്ര, സുജിത.
ഭാര്യയുടെ കൺമുന്നിൽ
മീൻപിടിത്തത്തൊഴിലാളിയായ ഹരിദാസൻ ജോലികഴിഞ്ഞ് തിങ്കൾ പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തി ഭാര്യയുടെ കൈയിൽ മീൻ നൽകി മുറ്റത്ത് കൈകഴുകുന്നതിനിടെയായിരുന്നു ആക്രമണം. വീടിന് സമീപം ബൈക്കുകളിലെത്തി പതിയിരുന്ന സംഘം ചാടിവീണ് വടിവാളും മഴുവും കൊണ്ട് തലങ്ങും വിലങ്ങും വെട്ടി. ഭാര്യയുടെ അരുതേയെന്ന നിലവിളിയൊന്നും അക്രമികളെ പിന്തിരിപ്പിച്ചില്ല. ഇടതുകാൽ വെട്ടിമാറ്റി വലിച്ചെറിഞ്ഞു. മുറിവുകളുടെ എണ്ണം കണക്കാക്കാൻ പറ്റാത്തവിധം വീണ്ടും വീണ്ടും വെട്ടി. മരണം ഉറപ്പുവരുത്തിയ ശേഷമാണ് അക്രമികൾ സ്ഥലംവിട്ടത്. ഉടൻതന്നെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബിജെപി മണ്ഡലം പ്രസിഡന്റടക്കം 8 പേർ കസ്റ്റഡിയിൽ
തലശേരി
സംഭവത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ ലിജേഷ്, ആർഎസ്എസ് ശാഖാ മുഖ്യശിക്ഷക് അതുൽ, ഖണ്ഡ് പ്രമുഖ് വിമിൽ ഉൾപ്പെടെ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടിവാളും ഇരുമ്പുവടിയും പൊലീസ് കസ്റ്റഡിയിലെടുത്തു.