ബഹിരാകാശയാത്രയ്‍ക്ക് ടിക്കറ്റ് വിൽപന വീണ്ടും ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് കോടീശ്വരനായ റിച്ചാർഡ് ബ്രാൻസണും അദ്ദേഹത്തിന്റെ വിർജിൻ ഗലാക്‍ടിക് കമ്പനിയും. ഫെബ്രുവരി 16 മുതലാണ് പൊതുജനങ്ങൾക്ക് ടിക്കറ്റെടുക്കാനുള്ള അവസരം. പക്ഷേ മുൻപത്തേതിനേക്കാൾ വില കൂട്ടിയാണ് ഇത്തവണ ടിക്കറ്റ് വിൽപന. 4.5 ലക്ഷം ഡോളറാണ് (3.33 കോടി) ടിക്കറ്റ് വില. ഒരാൾക്ക് ഒന്നിലധികമോ പേടകത്തിലെ മൊത്തം സീറ്റുകളോ ബുക്ക് ചെയ്‌യാൻ അവസരമുണ്ട്.
ആദ്യം ഒന്നരലക്ഷം ഡോളർ നൽകി (1.13 കോടി) ടിക്കറ്റ് ഉറപ്പാക്കാം. ബാക്കി തുക യാത്രയ്‍ക്ക് മുൻപായി നൽകിയാൽ മതി. ഇതിനായി വിർജിൻ ഗാലക്‍ടികിന്റെ വെബ്സൈറ്റിൽ അപേക്ഷ നൽകി ടിക്കറ്റ് ബുക്ക് ചെയ്‌യാം. 2021 ഓഗസ്റ്റിൽ ഈ രീതിയിൽ 100 ടിക്കറ്റുകൾ വിറ്റതായി കമ്പനി പറയുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് പറക്കണമെങ്കിൽ അൽപം കാത്തിരിക്കേണ്ടി വരും. 2022-ൽ 200 ടിക്കറ്റുകൾ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി
2004 ൽ ആരംഭിച്ച വിർജിൻ ഗാലക്‍ടിക് ആദ്യമായി ടിക്കറ്റ് വിൽപന നടത്തിയത് പത്ത് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് 2.5 ലക്ഷം ഡോളർ (1.87 കോടി രൂപ) ആയിരുന്നു ടിക്കറ്റ് വില. മലയാളിയായ സന്തോഷ് ജോർജ് കുളങ്ങര അടക്കം 60 രാജ്യങ്ങളിൽ നിന്നായി 600-ഓളം പേരാണ് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നത്.
ബഹിരാകാശ ടൂറിസം പരിപാടിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ജോർജ് കുളങ്ങര. ഇവർക്കായി ആസ്ട്രോനട്ട് റെഡിനസ് പ്രോഗ്രാം (Astronaut Readiness Programme) എന്നപേരിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബഹിരാകാശ സഞ്ചാര സമയത്ത് ധരിക്കുന്ന പ്രത്യേകം രൂപകൽപന ചെയ്ത അണ്ടർ ആർമർ സ്പേസ് സ്യൂട്ട് ധരിപ്പിച്ചാണ് സഞ്ചാരികൾക്ക് പരിശീലനം.
വിർജിൻ ഗാലക്‍ടികിന്റെ സ്പേസ് പ്ലെയിനുകളിലൊന്നിലാണ് യാത്രക്കാർ യാത്ര ചെയ്‌യുക. വൈറ്റ് നൈറ്റ് റ്റു എന്ന് വിളിക്കുന്ന വലിയൊരു എയർക്രാഫ്റ്റ് കേരിയർ എന്ന വിക്ഷേപണ വാഹനമാണ് 49000 അടി ഉയരം വരെ ഈ സ്പേസ് പ്ലെയിനുകളെ എത്തിക്കുക. ഈ ഉയരത്തിലെത്തിയാൽ വൈറ്റ് നൈറ്റ് റ്റു (White Knight Two) സ്പേസ് പ്ലെയിനിൽ നിന്ന് വേർപെടുകയും പ്ലെയിനിൽ തന്നെയുള്ള റോക്കറ്റ് എഞ്ചിൻ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്‌യും. ഈ എഞ്ചിനാണ് യാത്രികർ ഇരിക്കുന്ന സ്പേസ് പ്ലെയിനിനെ ബഹിരാകാശത്തേക്ക് കൊണ്ടുപോവുക. ഭൂമിയിൽ നിന്നും 80 കിലോമീറ്ററിലേറെ ദൂരത്തേക്ക് പ്ലെയിൻ സഞ്ചരിക്കുന്നതോടെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റുകൾ നീക്കം ചെയ്ത് കാബിനിൽ കുറച്ച് നേരം പറന്നു നടക്കാം. ശേഷം ഭൂമിയിലേക്ക് തിരിച്ചുവരുന്നതിനായി സ്പേസ് പ്ലെയിനിന്റെ ചിറകുകൾ ക്രമീകരിക്കുകയും വായുവിൽ തെന്നിയിറങ്ങി സാധാരണ വിമാനങ്ങളെ പോലെ റൺവേയിൽ ഇറങ്ങുകയും ചെയ്‌യും.
ബഹിരാകാശ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിർജിൻ ഗാലക്‍ടികിന്റെ തന്നെ പേടകത്തിൽ കഴിഞ്ഞ വർഷം ബ്രാൻസണും സംഘവും നടത്തിയ ബഹിരാകാശ യാത്രയും ചർച്ചയായിരുന്നു. ഇതോടെ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തേക്കെത്തിച്ച സ്വകാര്യ സ്ഥാപനവും വിർജിൻ ഗാലക്‍ടിക് ആയിമാറി.
Content Highlights: Virgin Galactic plans to open ticket sales to the public for space trip