ന്യൂഡൽഹി: ആപ്പിളിന് വേണ്ടി ഐഫോൺ നിർമിച്ചു നൽകുന്ന തായ്വാനീസ് കമ്പനി ഫോക്സ്കോൺ ഇന്ത്യൻ സ്ഥാപനമായ വേദാന്ത ലിമിറ്റഡുമായി സഹകരിച്ച് രാജ്യത്ത് സെമികണ്ടക്‍ടറുകളുടെ നിർമാണത്തിനൊരുങ്ങുന്നു. ആഗോളതലത്തിൽ ചിപ്പ് ക്ഷാമം നേരിടുന്നതിനിടെയാണ് ഫോക്സ്കോണിന്റെ ഈ നീക്കം.
കരാറടിസ്ഥാനത്തിൽ ഇലക്‍ട്രോണിക് ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് ഫോക്സ്കോൺ. ആപ്പിളാണ് ഇവരുടെ മുഖ്യ പങ്കാളികൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇലക്‍ട്രിക് വാഹനങ്ങൾ, സെമികണ്ടക്‍ടറുകൾ ഉൾപ്പടെയുള്ള മേഖലകളിലേക്ക് ഫോക്സ്കോൺ തങ്ങളുടെ പ്രവർത്തന മേഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ ആഭ്യന്തര ഇലക്‍ട്രോണിക്സ് നിർമാണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വേദാന്തയുമായി കരാറൊപ്പിട്ടതെന്ന് ഫോക്സ്കോൺ പറഞ്ഞു.
11.87 കോടി ഡോളർ ചിലവിട്ട് ഇരു കമ്പനികളും ചേർന്ന് നിർമാണ കേന്ദ്രം ആരംഭിക്കും. കമ്പനിയിൽ വേദാന്തയ്‍ക്കാണ് ഭൂരിഭാഗം ഓഹരിയും. 40 ശതമാനം ഓഹരിയാണ് ഫോക്സ്കോണിനുള്ളത്.
രാജ്യത്ത് സെമികണ്ടക്‍ടർ നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസർക്കാർ ഉദ്യമങ്ങളുടെ പിന്തുണയും ഇത്തരം ഒരു സംരംഭത്തിന് വഴിയൊരുക്കി.
ആഗോള ചിപ്പ് ക്ഷാമത്തെതുടർന്ന് വ്യവസായ മേഖല കനത്ത പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം യാജിയോ കോർപ്പുമായി ചേർന്നാണ് ഫോക്സ്കോൺ തങ്ങളുടെ പ്രധാന സെമികണ്ടക്‍ടർ വ്യവസായത്തിന് തുടക്കമിട്ടത്.
ഇലക്‍ട്രിക് വാഹന നിർമാണ രംഗത്ത് സ്വാധീനമുറപ്പിക്കാനുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവികൾക്ക് വേണ്ടിയുള്ള ചിപ്പുകളുടെ നിർമാണവും കമ്പനിയുടെ പ്രധാന പദ്ധതികൡലൊന്നാണ്.