സംസ്ഥാനത്ത് പ്രീ-പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ വന്നതിനുശേഷം ആദ്യമായാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ ഓഫ്‌ലൈനായി ആരംഭിക്കുന്നത്. ഓരോ ദിവസവും 50% കുട്ടികൾ ഉച്ചവരെ അധ്യയനം എന്ന നിലയിലാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ ഇന്ന് വരേണ്ടിയിരുന്നവരിൽ 65% കുട്ടികൾ ക്ലാസ്സുകളിൽ എത്തിച്ചേർന്നിരുന്നു.
ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സുകൾ നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് ഗവർമെന്റ് മോഡൽ എച്ച്എസ്എൽപിഎസിലെത്തി കുട്ടികളെ നേരിൽ കണ്ടു. കുട്ടികളുമായി ഏറെ നേരം ചിലവഴിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യയനം മുന്നോട്ട് പോകും.
അതേസമയം ഈ മാസം 21 മുതൽ എല്ലാ ക്ലാസുകളിലെയും അധ്യയനം വൈകിട്ടു വരെയാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. 21നു മുൻപായി സ്കൂളുകളിൽ പിടിഎ യോഗം ചേരാനും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ അടുത്തു വരുന്ന സാഹചര്യത്തിലാണ് പൂർണതോതിൽ ക്ലാസുകൾ തുടങ്ങാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഈ മാസം 28നു മുൻപായി പാഠഭാഗങ്ങൾ പൂർണമായും തീർത്ത ശേഷം റിവിഷൻ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.