വാഷിങ്ടൺ: നാസയുടെ ഏറ്റവും പുതിയ ബഹിരാകാശ ദൂരദർശിനിയാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (ജെ.ഡബ്ല്യു.എസ്.ടി). വിക്ഷേപണത്തിന് ശേഷം ഭ്രമണപഥത്തിൽ വിജയകരമായി വിന്യസിച്ചു കഴിഞ്ഞ ദൂരദർശിനി പകർത്തിയ ആദ്യ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ദൂരദർശിനിയുടെ പ്രധാന കണ്ണാടി ക്രമീകരിക്കുന്നതിന്റെ ഘട്ടങ്ങളാണ് ചിത്രങ്ങളിലുള്ളത്.
ഉർസ മേജർ എന്ന് വിളിക്കുന്ന എച്ച്ഡി84406 എന്ന നക്ഷത്ര വ്യൂഹത്തിന്റെ ചിത്രമാണ് ജെയിംസ് വെബ് ടെലിസ്കോപ്പ് ആദ്യമായി പകർത്തിയത്. ഭൂമിയിൽനിന്ന് 258 പ്രകാശ വർഷം അകലെയാണ് ഇത് സ്ഥിതി ചെയ്‌യുന്നത്.
വരുംമാസങ്ങളിൽ ദൂരദർശിനിയിലെ പ്രധാന കണ്ണാടിയുടെ 18 ഭാഗങ്ങളും കൃത്യമായി ക്രമീകരിക്കുകയും ഫോക്കസ് ചെയ്‌യപ്പെടുകയും ചെയ്‌യും. ജൂൺ മാസത്തോടെ ശാസ്ത്ര നിരീക്ഷണങ്ങൾ ആരംഭിക്കാൻ സാധിക്കും.
ഇതുവരെയും ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ട ഏറ്റവും വലിയ കണ്ണാടിയാണ് ജെയിംസ് വെബ്ബിന്റെ സ്വർണം പൂശിയ കണ്ണാടികൾ. 21 അടി വലിപ്പമുണ്ട് ഇതിന്.
ഹബ്ബിൾ ടെലിസ്കോപ്പിന്റെ പിൻഗാമിയായാണ് ജെയിംസ് വെബ്ബ് ടെലിസ്കോപ്പിനെ കണക്കാക്കുന്നത്. 1400 കോടി വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട ഗാലക്സികളിലേക്കും നക്ഷത്രങ്ങളിലേക്കും ഈ ദൂരദർശിനി വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്യഗ്രഹങ്ങളിലെ അന്തരീക്ഷത്തെ കുറിച്ചുള്ള പഠനങ്ങൾക്കും ജീവസാധ്യതാ പഠനത്തിനും ഇത് സഹായിക്കും.
Content Highlights: NASA released first images from James Webb Space Telescope