അപകടകരമായ ഉള്ളടങ്ങൾ ജനങ്ങളിലേക്ക് തള്ളിവിടുന്ന സോഷ്യൽ മീഡിയ അൽഗൊരിതങ്ങൾക്ക് തടയിടാനും സ്ക്രീൻ ആസക്തി ഒഴിവാക്കുന്നതിനുമുള്ള നിയമ നിർമാണത്തിനൊരുങ്ങി യുഎസ്. ഡെമോക്രാറ്റുകളും റിപ്പപ്ലിക്കൻ പാർട്ടിയും ചേർന്ന് പുതിയ സോഷ്യൽ മീഡിയ നഡ്ജ് ആക്റ്റിന് വേണ്ടിയുള്ള ബില്ല് യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. സെനറ്റർമാരായ ആമി ക്ലോബച്ചർ, സിന്തിയ ലുമ്മിസ് എന്നിവരാണ് ബിൽ തയ്‌യാറാക്കിയത്.
സോഷ്യൽ മീഡിയ അൽഗൊരിതങ്ങളുടെ പ്രവർത്തനത്തിനും ഓൺലൈനിൽ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിനും നിയന്ത്രണം കൊണ്ടുവരാനുള്ള വഴികൾ തേടുന്നതിന് നാഷണൽ സയൻസ് ഫൗണ്ടേഷൻ, നാഷണൽ അക്കാദമി ഓഫ് സയൻസസ്, എഞ്ചിയീറിങ് ആന്റ് മെഡിസിൻ എന്നീ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും.
അതിന് ശേഷം യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ പാലിച്ചിരിക്കേണ്ട മാർഗനിർദേശങ്ങൾ തയ്‌യാറാക്കി പുറത്തിറക്കും.
ഞങ്ങളെ വിശ്വസിക്കൂ, ഞങ്ങൾ ഇത് ശരിയാക്കാം എന്ന് കുറേകാലമായി ടെക്ക് കമ്പനികൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ ആ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളെല്ലാം ജനങ്ങളിൽ നിന്ന് ആവർത്തിച്ച് ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് നമ്മൾക്കറിയാം. അവരുടെ അൽഗൊരിതങ്ങൾ അപകടകരമായ ഉള്ളടക്കങ്ങൾ ജനങ്ങളിലേക്ക് തള്ളിവിടുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയുമാണ്. ക്ലോബച്ചർ പറഞ്ഞു.
ഫേസ്ബുക്കിലെ മുൻ ഉദ്യോഗസ്ഥ ഫ്രാൻസിസ് ഹൂഗൻ കഴിഞ്ഞ വർഷം നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് ഇരു പാർട്ടികളും സോഷ്യൽ മീഡിയാ അൽഗൊരിതത്തെ നിയന്ത്രിക്കുന്നതിനുള്ള വഴികൾ തേടുന്നതിനായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.
സോഷ്യൽ മീഡിയാ സേവനങ്ങൾ ജനങ്ങളിലേക്ക് അമിതമായി എത്തിച്ചേരുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നഡ്ജ് ആക്റ്റ് സഹായകമാവും.
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾക്ക് സംരക്ഷണം നൽകുന്ന സെക്ഷൻ 230 എടുത്തു കളയാനുള്ള ശ്രമങ്ങൾ ഭരണകൂടം നടത്തുന്നതിനിടെയാണ് പുതിയ നിയമത്തിനായുള്ള നീക്കങ്ങൾ നടക്കുന്നത്. നഡ്ജ് ആക്റ്റിനുള്ള പ്രധാന പ്രതിബന്ധങ്ങളിലൊന്ന് കൂടിയാണ് സെക്ഷൻ 230.
Content Highlights: Social Media NUDGE Act by US bill aims to cut algorithmic amplification of harmful content