വിദേശ ഡ്രോണുകളുടെ ഇറക്കുമതിയ്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ. അതേസമയം തദ്ദേശീയമായ ഡ്രോണുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് ചില ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ്, പ്രതിരോധം, സുരക്ഷാ ആവശ്യങ്ങൾ എന്നിവയ്‍ക്കായുള്ള ഡ്രോൺ ഇറക്കുമതി നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അത്തരം ഇറക്കുമതികൾക്ക് മതിയായ അനുമതികൾ നേടേണ്ടതുണ്ട്.
അതേസമയം ഡ്രോണിന്റെ ഘടക ഭാഗങ്ങളുടെ ഇറക്കുമതിക്ക് പ്രത്യേക അനുമതികൾ ആവശ്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.
വിദേശ ഡ്രോണുകൾ നിരോധിച്ചതായ അറിയിപ്പ് വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുഴള്ള ജനറൽ ഫോറിൻ ട്രേഡ് ഡയറക്‍ടറേറ്റ് പുറത്തിറക്കി. നിർമാണം പൂർത്തിയാക്കിയ ഡ്രോണുകൾ ഇറക്കുമതി ചെയ്‌യുന്നതിനാണ് നിരോധനമുള്ളത്.
അതേസമയം ഇളവുകൾ അനുസരിച്ച് സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ അംഗീകൃത ഗവേഷണ വികസന സ്ഥാപനങ്ങൾക്കും ഗവേഷണ ആവശ്യങ്ങൾക്കായി നിർമാണ കമ്പനികൾക്കും ഡ്രോണുകൾ ഇറക്കുമതി ചെയ്‌യാനാവും. അതിനായി ജനറൽ ഫോറിൻ ട്രേഡ് ഡയറക്‍ടറേറ്റിൽ നിന്നും അനുമതി വാങ്ങണം.
ഇന്ത്യൻ നിർമിത ഡ്രോണുകൾക്ക് പ്രചാരം നൽകുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ നിരോധനം. 2022 ഫെബ്രുവരി 9 മുതലാണ് വിദേശ ഡ്രോണുകളുടെ നിരോധനം പ്രാബല്യത്തിൽ വരിക.
രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗത്തിന് കർശന മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഡ്രോണുകളുടെ ഉപയോഗത്തിനും മതിയായ അനുമതികളും രജിസ്ട്രേഷനം ആവശ്യമാണ്.
Content Highlights: india banned drone import