മൂന്നു ഡോസ് വാക്സിൻ സ്വീകരിച്ചവരെ ‘അപ്പ് ടു ഡേറ്റ്’ വിഭാഗത്തിലും, മൂന്നാമത്തെ ഡോസ് സ്വീകരിക്കാത്തവരെ ‘ഓവർ ഡ്യൂ’ വിഭാഗത്തിലും ഉൾപ്പെടുത്താനാണ് ATAGI നിർദ്ദേശിച്ചിരിക്കുന്നത്.
വാക്സിനേഷൻ നിർവ്വചനത്തിൽ മാറ്റം വരുത്താൻ ഓസ്ട്രേലിയ തീരുമാനിച്ചു. രാജ്യത്ത് ഇനിമുതൽ പൂർണ്ണമായും വാക്സിൻ സ്വീകരിച്ചവർ എന്ന നിർവ്വചനം ഉണ്ടാകില്ല. പകരം മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ചവരെ ‘അപ്പ് ടു ഡേറ്റ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് ഓസ്‌ട്രേലിയൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ ഫെഡറൽ സർക്കാരിനോട് നിർദ്ദേശിച്ചു.
16 വയസ്സിന് മുകളിലുള്ള ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരെയാകും, ഇനി മുതൽ വാക്സിനേറ്റഡ്-അപ്പ് ടു ഡേറ്റ്- ആയി കണക്കാക്കുക. രണ്ടാമത്തെ ഡോസ് ലഭിച്ച് ആറുമാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരെ ‘ഓവർ ഡ്യൂ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും.
ATAGIയുടെ നിർദ്ദേശം മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ വരും.
ഏജഡ് കെയർ ജീവനക്കാർ ഒഴികെ മറ്റാർക്കും, ദേശീയതലത്തിൽ ബൂസ്റ്റർ ഷോട്ടുകൾ നിർബന്ധമാക്കെണ്ടെന്നും നാഷണൽ കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കും ടെറട്ടറികൾക്കും അവരുടെ അധികാര പരിധിയിൽ തീരുമാനമെടുക്കാം.
16 വയസ്സിന് താഴെയുള്ളവർ ആദ്യ രണ്ട് വാക്സിൻ ഡോസുകൾ സ്വീകരിച്ചാൽ അവരെ ‘അപ്പ് ടു ഡേറ്റ്’ ആയി കണക്കാക്കുമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു.
16 വയസ്സിന് മുകളിലുള്ളവർ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം ബൂസ്റ്റർ ഷോട്ടിന് അർഹരാണെന്നാണ് ഫെഡറൽ സർക്കാർ മാനദണ്ഡം.
അന്താരാഷ്‌ട്ര യാത്രക്കാർക്ക് ബൂസ്റ്റർ ഡോസുകൾ നിർബന്ധമാക്കണോ എന്ന് സംസ്ഥാനങ്ങൾക്കും, ടെറിട്ടറികൾക്കും തീരുമാനിക്കാം.
ഫെബ്രുവരി 21 ന് ശേഷം വിദേശ വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ മതിയെന്നാണ് നിലവിലെ നിബന്ധന.
ആരോഗ്യ രംഗത്തെ വിദഗ്ദരുടെ നിർദ്ദേശങ്ങൾ പരിഗണിക്കേണ്ടത് പ്രധാനമാണെന്ന് ഫെഡറൽ പ്രതിരോധ മന്ത്രി പീറ്റർ ഡട്ടൺ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ബൂസ്റ്റർ ഷോട്ടുകൾ നിർണായകമാണെന്ന് ലേബർ ഡെപ്യൂട്ടി ലീഡർ റിച്ചാർഡ് മാർലെസും വ്യക്തമാക്കി.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –