ആണവോർജ നിലയങ്ങൾ ഉൾപ്പടെയുള്ള ഇന്ത്യയുടെ ആണവനിലയങ്ങൾ സൈബർ ആക്രമണങ്ങളിൽനിന്ന് സുരക്ഷിതമാണെന്ന് സർക്കാർ രാജ്യ സഭയിൽ.
ഇന്ത്യൻ ആണവ സ്ഥാപനങ്ങളുടെ രൂപകല്പന, വികസനം, പ്രവർത്തനം എന്നിവയ്‍ക്കായി ഇതിനകം തന്നെ കർശനമായ നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ഹാർഡ് വെയറും സോഫ്റ്റ് വെയറുമാണ് അതിനായി ഉപയോഗിച്ചിട്ടുള്ളത്. അവ അധികൃതരുടെ പരിശോധനകൾക്കും അനുമതികൾക്കും വിധേയമാണ്. അതുകൊണ്ടുതന്നെ അവ സൈബറാക്രമണങ്ങളിൽ നിന്ന് സുരക്ഷിതമാണ്. ആണവോർജം, ബഹിരാകാശം സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ചോദ്യത്തിന് മറുപടിയായി രാജ്യസഭയിൽ പറഞ്ഞു.
ആണവനിലയങ്ങളിലെ കൺട്രോൾ നെറ്റ് വർക്ക് പോലുള്ള സുപ്രധാന സുരക്ഷാ സംവിധാനങ്ങൾക്ക് പ്രാദേശിക ഐടി നെറ്റ് വർക്കിൽ നിന്നും ഇന്റർനെറ്റിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവനിലയങ്ങളുടെ സൈബർ സുരക്ഷയ്‍ക്കും വിവര സുരക്ഷയ്‍ക്കുമായി കംപ്യൂട്ടർ ആന്റ് ഇൻഫർമേഷൻ സെക്യൂരിറ്റി അഡൈ്വസറി ഗ്രൂപ്പ് (സിഐഎസ്എജി), ടാസ്ക് ഫോഴ്സ് ഫോർ ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോൾ സെക്യൂരിറ്റി പോലുള്ള വിദഗ്ദ സംഘങ്ങൾ ആണവോർജ വകുപ്പിന് കീഴിലുണ്ട്. സൈബർ സുരക്ഷ ശക്തമാക്കുന്ന നടപടികൾ സ്വീകരിക്കുന്നത് ഇവരാണെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Indian nuclear installations secure from cyberattacks