ചെന്നൈ: വിവര വിനിമയ ഉപഗ്രഹമായ ഇൻസാറ്റ്-4 ബി ഐഎസ്ആർഓ വിജയകരമായി ഡീ കമ്മീഷൻ ചെയ്തു. ജനുവരി 24 നാണ് ഉപഗ്രഹം ഡീ കമ്മീഷൻ ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെയും ഇന്റർ ഏജൻസി സ്പേസ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റിയുടേയും മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് നടപ്പാക്കിയതെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ വ്യക്തമാക്കി.
പോസ്റ്റ് മിഷൻ ഡിസ്പോസലിന് വിധേയമാകുന്ന ഇന്ത്യയുടെ 21-ാമത് ജിയോ സ്റ്റേഷനറി (GEO) ഉപഗ്രഹമാണ് ഇൻസാറ്റ് -4ബി. പ്രവർത്തന രഹിതമായ ഉപഗ്രഹങ്ങളെ ബിഹരാകാശ അവശിഷ്ടമാക്കി മാറ്റാതെ ഭ്രമണ പഥത്തിൽ നിന്ന് നീക്കം ചെയ്‌യുന്ന പ്രക്രിയ പദ്ധതിയനുസരിച്ച് നടന്നു. ബഹിരാകാശ ഉദ്യമങ്ങൾക്ക് സുസ്ഥിരത ഉറപ്പുവരുത്താൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
2007 ലാണ് 3025 കിലോഗ്രാം ഭാരമുള്ള ഇൻസാറ്റ് 4ബി വിക്ഷേപിച്ചത്. ഏരിയൻസ്പേസിന്റെ ഏരിയൻ 5 റോക്കറ്റിലായിരുന്നു വിക്ഷേപണം. 12 വർഷത്തെ ഉദ്യമമാണ് ഉപഗ്രഹത്തിന് ഉണ്ടായിരുന്നത്. 14 വർഷം ഭ്രമണ പഥത്തിൽ തുടർന്ന ഇൻസാറ്റ്-4ബിയിലെ സി ബാൻഡ് (C band) കു ബാൻഡ് (Ku band) ഫ്രീക്വൻസികൾ മറ്റ് ജി സാറ്റുകളിലേക്ക് മാറ്റിയതിന് ശേഷമാണ് ഡീകമ്മീഷൻ പ്രക്രിയ ആരംഭിച്ചത്.
ബഹിരാകാശ അവശിഷ്ടങ്ങൾ ലഘൂകരിക്കാനുള്ള ഐഎഡിസിയുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച് ബഹിരാകാശ വസ്തുക്കളുടെ കാലാവധി കഴിയുമ്പോൾ അവയെ നൂറ് വർഷത്തിനുള്ളിൽ തിരികെയെത്താത്ത വിധത്തിൽ ജിയോ ബെൽറ്റിന് (GEO belt) മുകളിലേക്ക് ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്ക് ഉയർത്തണം. അതിന് വേണ്ടി കുറഞ്ഞത് 273 കിലോമീറ്റർ ദൂരത്തേക്ക് കൃത്രിമോപഗ്രഹം ഉയർത്തണം. 2022 ജനുവരി 17 മുതൽ 23 വരെ 11 തവണയായി നടത്തിയ ഭ്രമണ പഥ ക്രമീകരണങ്ങളിലൂടെയാണ് ഇൻസാറ്റ് 4ബി 273 കിമീ ദൂരത്തേക്ക് ഉയർത്തിയത്.
കാലാവധി കഴിയുമ്പോൾ പുതിയ ഉപഗ്രഹങ്ങൾക്കും മറ്റ് ഉപഗ്രഹങ്ങൾക്കും പ്രയാസം സൃഷ്ടിക്കാത്ത വിധത്തിൽ ഭ്രമണപഥത്തിൽ നിന്ന് മാറ്റുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളും ഇൻസാറ്റ് 4ബിയിൽ ഉൾപ്പെടുത്തിയിരുന്നു.
Content Highlights:insat 4b decommissioned succesfully isro