ന്യൂഡൽഹി > ബി ആര് ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം ടെലിവിഷന് പരമ്പരയിൽ ഭീമസേനനെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനും കായികതാരവുമായ പ്രവീണ് കുമാര് സോബ്തി (74) അന്തരിച്ചു. ന്യൂഡല്ഹിയിലെ അശോക് വിഹാറിലെ വസതിയില് ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം.
അഭിനയരംഗത്ത് എത്തുന്നതിന് മുമ്പ് കായികതാരമായിരുന്ന പ്രവീൺ ഏഷ്യൻ ഗെയിംസിൽ ഹാമര് ത്രോ, ഡിസ്കസ് ത്രോ ഇനങ്ങളിൽ രാജ്യത്തിനായി രണ്ട് സ്വർണവും ഓരോ വെള്ളിയും വെങ്കലവുമടക്കം നാല് മെഡലുകളും നേടിയിട്ടുണ്ട്. അര്ജുന അവാര്ഡ് ജേതാവാണ്.
രണ്ട് ഒളിമ്പിക്സുകളില് രാജ്യത്തെ പ്രതിനിധീകരിച്ച അദ്ദേഹത്തിന് കായിക രംഗത്തെ മികവ് പരിഗണിച്ച് ബിഎസ്എഫില് ഡെപ്യൂട്ടി കമാന്ഡന്റായി നിയമനവും ലഭിച്ചിരുന്നു. 1981 ല് പുറത്തിറങ്ങിയ രക്ഷ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. മൈക്കിള് മദന കാമ രാജന്, മേരി ആവാസ് സുനോ, കമാന്ഡോ, ഖയാല്, ഹംലാ, അജയ്, ട്രെയിന് ടു പാകിസ്താന് തുടങ്ങി അമ്പതോളം സിനിമകളില് അഭിനയിച്ചു. സിനിമകളില് അമിതാഭ് ബച്ചന് നായകനായ ഷെഹന്ഷായിലെയും സീരിയലുകളിൽ മഹാഭാരതത്തിലേതുമാണ് ഏറ്റവും ശ്രദ്ധേയ വേഷങ്ങൾ.
2013ല് ദില്ലിയിലെ വസിര്പൂര് മണ്ഡലത്തില് നിന്ന് അസംബ്ലിയിലേക്ക് ആം ആദ്മിയുടെ സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം ബിജെപിയില് ചേര്ന്നു.