ഉപഭോക്താക്കളുടെ വിവരങ്ങൾ യുഎസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും പിൻവലിക്കേണ്ടി വരുമെന്ന ഭീഷണിയുമായി വിണ്ടും മെറ്റ പ്ലാറ്റ്ഫോംസ്. നേരത്തെ ഒഴിവാക്കിയ ഒരു സ്വകാര്യത ഉടമ്പടി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്പ്യൻ യൂണിയനും യുഎസും തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് കമ്പനിയുടെ ഭീഷണി
അമേരിക്കയിലേക്ക് ഡാറ്റ കൈമാറുന്നത് സുരക്ഷിതമല്ലെന്ന ആശങ്കകൾക്കിടെ 2020 ലാണ് യുറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വിവര കൈമാറ്റ കരാർ പിൻവലിച്ചത്. ആയിരക്കണക്കിന് കമ്പനികൾ ഈ കരാറിനെ ആശ്രയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പുതിയതോ നിലവിലുള്ളതോ ആയ കരാറുകളെ ആശ്രയിക്കാനായില്ലെങ്കിൽ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പടെയുള്ള സുപ്രധാന സേവനങ്ങൾ യൂറോപ്പിൽ നിന്ന് പിൻവലിക്കേണ്ടി വരുമെന്ന് മെറ്റ പ്ലാറ്റ്ഫോം തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വാർഷിക റിപ്പോർട്ടിലും സമാനമായ ഭീഷണി കമ്പനി മുമ്പോട്ടുവെച്ചിരുന്നു.
യൂറോപ്പിൽ നിന്ന് മാറാൻ ഞങ്ങൾക്ക് ആഗ്രഹമോ പദ്ധതിയോ ഇല്ല. എന്നാൽ യൂറോപ്യൻ യൂണിയനും യുഎസും തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തെ മെറ്റായും മറ്റ് വാണിജ്യ സ്ഥാപനങ്ങളും സംഘടനകളും സേവനങ്ങളും ആശ്രയിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. മെറ്റ വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഫെയ്സ്ബുക്കിന് അടുത്തിടെയുണ്ടായ കനത്ത നഷ്ടം യൂറോപിലെ കർശന നിയന്ത്രണങ്ങളുടെ ഫലമായുണ്ടായതാണെന്ന് കമ്പനി അടുത്തിടെ ആരോപിച്ചിരുന്നു. സ്വതന്ത്രമായ ഡാറ്റാ ഉപഭോഗം സാധ്യമല്ലാത്തതിനാൽ ഫേസ്ബുക്കിന്റെ പരസ്യ വിതരണം അവതാളത്തിലാവുകയായിരുന്നു.
Content Highlights: Meta warns EU it will be forced to pull Facebook, Instagram