കൊച്ചി > മീഡിയ വൺ ചാനലിനുള്ള സംപ്രേക്ഷണ വിലക്ക് തുടരും. സംപ്രേക്ഷണം വിലക്കിയുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എൻ നഗരേഷ് ആണ് ഹർജി തള്ളിയത്. ഇന്റലിജന്സ് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്നും റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് മീഡിയ വൺ അറിയിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്ജിയിലെ വാദം. മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡാണ് ഹർജി നൽകിയത്.
ചാനലിന് സംപ്രേക്ഷണാനുമതി നിഷേധിക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകൾ കേന്ദ്രം ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജനുവരി 31നാണ് കേന്ദ്ര വാര്ത്താ വിതരണ മന്ത്രാലയം ചാനല് സംപ്രേക്ഷണം വിലക്കിയത്. തുടർന്ന് നൽകിയ ഹർജിയിൽ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വൺ ചാനലിന് നേരത്തെയും കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു.