പല ആളുകളും ഇങ്ങനെ പകൽ സമയത്തും ഉറക്കം തൂങ്ങുന്ന പ്രകൃതത്തിന് കാര്യമായ ശ്രദ്ധ നൽകാറില്ല. ഫലമോ, ശരീരം ഈ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും:
> തലവേദന
> ശരീര വേദന
> ക്ഷീണം
> എല്ലാറ്റിനോടുമുള്ള താൽപ്പര്യക്കുറവ്
> ഏകാഗ്രത കുറവ്
> സമ്മർദ്ദവും വിഷാദരോഗവും
> ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട്
> ദഹനപ്രശ്‌നങ്ങൾ
> അലസത
പകൽ ഉറക്കം തൂങ്ങുന്നതിന്റെ കാരണങ്ങൾ
നല്ലൊരു രാത്രി ഉറക്കത്തിന് ശേഷവും പകൽ സമയങ്ങളിൽ ഉറക്കം തൂങ്ങുന്നതിന് പിന്നിൽ ശാരീരിക വ്യതിയാനങ്ങൾ മതുൽ മാനസിക സമ്മർദ്ദം വരെയുള്ള കാരണങ്ങൾ ആകാം. അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇത് എളുപ്പത്തിൽ പരിഹരിക്കാനാവും.
1. അനുചിതമായ ഉറക്കരീതി
പകൽ നേരങ്ങളിൽ ഉറക്കം വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് രാത്രിയിലെ അനാരോഗ്യകരമായ ഉറക്കരീതി തന്നെയാണ്. കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ മതിയായ ഉറക്കം രാത്രി ലഭിക്കേണ്ടതുണ്ട്. രാത്രി നന്നായി ഉറങ്ങാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. ഉദാഹരണത്തിന്, ഉറങ്ങുന്നതിന് മൂന്ന് നാല് മണിക്കൂർ മുൻപ് വരേക്കും കഫീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ (ചായ അല്ലെങ്കിൽ കോഫി രൂപത്തിൽ ഉളളവ) ഒഴിവാക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പായെങ്കിലും രാത്രി ഭക്ഷണം കഴിക്കുക.
2. സമ്മർദ്ദം ഉണ്ടെങ്കിൽ
മാനസിക നിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉറക്കത്തെ ബാധിക്കും എന്ന കാര്യം പലരും മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. സമ്മർദ്ദം, വിഷാദം അല്ലെങ്കിൽ കോപം തുടങ്ങിയ ഘടകങ്ങളെല്ലാം ഉറക്ക രീതിയെ ഏറ്റവുമധികം സ്വാധീനിക്കുന്നു. കഴിയുന്നത്ര സമ്മർദ്ദത്തിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം. കാര്യങ്ങളുടെ പോസിറ്റീവ് വശം കണ്ടെത്താൻ ശ്രമിക്കുക.
നിങ്ങളുടെ ബന്ധങ്ങളിലോ ജോലിസ്ഥലത്തോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, അവ പരിഹരിക്കാൻ ശ്രമിക്കുക. പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ തുറന്നു സംസാരിക്കുക. ആവശ്യമെങ്കിൽ നിങ്ങൾക്ക് പ്രൊഫഷണൽ കൗൺസിലിംഗും തിരഞ്ഞെടുക്കാം.
3. ഭക്ഷണം അമിതമാകുന്നത്
രാത്രിയിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല. നിങ്ങളുടെ അത്താഴം കഴിയുന്നത്ര കുറഞ്ഞതായിരിക്കാൻ സൂക്ഷിക്കുക. ശരിയായ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് ഒരു ഡയറ്റീഷ്യനെ സമീപിക്കാം. വയറു നിറയെ കഴിക്കുന്നത് പലപ്പോഴും രാത്രി നന്നായി ഉറങ്ങാൻ സഹായിച്ചേക്കില്ല. അത്താഴം മിതമായി കഴിക്കുക. ഇത് രാത്രി നന്നായി ഉറങ്ങാൻ സഹായിക്കുകയും, പകൽ ഉറക്കം കുറയ്ക്കുകയും ചെയ്യും.
4. നെഗറ്റീവ് ചിന്തകൾ
ചില ആളുകൾ അങ്ങനെയാണ്. തങ്ങളെ ഒന്നിനും കൊള്ളില്ല എന്ന ചിന്ത തന്നെ അവരുടെ ഉദാസീന മനോഭാവത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ജീവിതത്തെക്കുറിച്ചും അവരുടെ സ്വന്തം ഭാവിയെക്കുറിച്ചുമൊന്നും തന്നെയുള്ള ക്രിയാത്മക വീക്ഷണം അവർക്കുണ്ടാവില്ല. അത്തരം ആളുകൾ തങ്ങളുടെ ജീവിതക്രമത്തിൽ യോഗ, പ്രാർത്ഥന, ജീവിതത്തിൽ പോസിറ്റീവിറ്റി നൽകാൻ കഴിയുന്ന മറ്റ് മാർഗ്ഗങ്ങളെല്ലാം പിന്തുടർന്ന് നോക്കൂ.
5. ചില രോഗങ്ങൾ
പ്രമേഹം പോലുള്ള ചില രോഗങ്ങൾ നിങ്ങളുടെ ശരീരത്തെ ദുർബലമാക്കുകയും ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യും. ശരിയായ വിശകലനത്തിനും ചികിത്സയ്ക്കുമായി സമയം കണ്ടെത്തുകയും ആരോഗ്യ പരിശോധനകൾ നടത്തുകയും ചെയ്യുന്നത് ഏറ്റവും നല്ലതാണ്.
പകൽ സമയത്ത് ഉറക്കം തൂങ്ങാതിരിക്കാൻ
> പകൽ സമയങ്ങളിൽ നിങ്ങൾക്ക് വളരെയധികം ഉറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഇതിനിടയിൽ ഒരു ചെറിയ നിദ്ര എടുക്കുക. എന്നാൽ ഓർക്കേണ്ട ഒരു കാര്യമുണ്ട്. വളരെയധികം ഉറക്കം ആരോഗ്യത്തിന് നല്ലതല്ല. 15-30 മിനിറ്റ് ദൈർഘ്യമുള്ള ചെറു നിദ്രകൾ സ്വീകരിക്കാം.
> ദഹന പ്രശ്നങ്ങൾ പലപ്പോഴും ഉറക്കവും അലസതയും ഉണ്ടാക്കും. നല്ല ദഹനത്തിനായി ഇഞ്ചി, കുരുമുളക് തുടങ്ങിയ നിരവധി പ്രകൃതിദത്ത ചേരുവകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
> വ്യായാമത്തിന്റെ അഭാവം പലപ്പോഴും അലസതയ്ക്കും ക്ഷീണത്തിനുമൊക്കെ കാരണമായേക്കാം. ഏതെങ്കിലും ലളിതമായ വ്യായാമങ്ങൾ പതിവായി ചെയ്താൽ, നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ഓക്സിജൻ വിതരണം മികച്ചതാക്കി മാറ്റാൻ കഴിയും. ഇത് നിങ്ങളെ പുതുമയുള്ളതും പുനരുജ്ജീവിപ്പിക്കുന്നതുമാക്കി മാറ്റാൻ സഹായിക്കുന്നു.
> ശുദ്ധവായു പ്രവേശിക്കാൻ പാകത്തിൽ നിങ്ങളുടെ മുറി വായു സഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളുടെ മനോനിലയിൽ മാറ്റങ്ങളുണ്ടാക്കാൻ സഹായിക്കും. കഴിവതും ഇരുണ്ട മുറിയിൽ ചെലവഴിക്കുന്നത് ഒഴിവാക്കുക.
> പ്രാണായാമം പോലുള്ള ചില ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക. കൂടാതെ, യോഗയും ശീലിക്കാം. ഇവ നിങ്ങളെ ഉന്മേഷത്തോടെ തുടരാൻ സഹായിക്കുന്നു.
> പുകവലിയും മദ്യപാനവും കഴിവതും ഒഴിവാക്കുക
> പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ശീലമാക്കി നിങ്ങളുടെ ശരീരം നന്നായി പരിപോഷിപ്പിക്കുകയും ആവശ്യമായ ജലാംശം നിലനിർത്തുകയും ചെയ്യുക.