ഫെബ്രുവരിയുടെ രണ്ടാമത്തെ ആഴ്ച സ്മാർട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശം നൽകും. കാരണം വിവിധ ബ്രാൻഡുകളാണ് ഈ വരുന്നയാഴ്ച സ്മാർട്ഫോണുകൾ പുറത്തിറക്കാൻ പോവുന്നത്. അഞ്ച് ബ്രാൻഡുകളുടെ അവതരണ പരിപാടിയാണ് നടക്കാൻ പോവുന്നത്. ഇതിൽ മൂന്ന് ബ്രാൻഡുകളുടെ ഫോണുകളാണ് ഇന്ത്യയിൽ എത്തുക.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായി കണക്കാക്കുന്നത് സാംസങിന്റെ ഗാലക്സി അൺ പാക്ക്ഡ് 2022 എന്ന പരിപാടിയാണ്. പുതിയ ഗാലക്സി എസ്22 പരമ്പര ഇതിൽ പുറത്തിറക്കും. വരുന്ന വാരം പുറത്തിറങ്ങാൻ പോവുന്ന സ്മാർട്ഫോണുകൾ എതെല്ലാം എന്ന് നോക്കാം.
സാംസങ് ഗാലക്സി എസ് 22 പരമ്പര
ഗാലക്സി എസ് 22 പരമ്പര ഫോണുകൾ ഫെബ്രുവരി ഒമ്പതിന് നടക്കുന്ന ഗാലക്സി അൺപാക്ക്ഡ് 2022 പരിപാടിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. ഇന്ത്യൻ സമയം വൈകീട്ട് 8.30 നാണ് പരിപാടി.
ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് പുതിയ ഗാലക്സി എസ് 22 പരമ്പരയിൽ ആകെ മൂന്ന് പതിപ്പുകൾ പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഗാലക്സി എസ് 22, ഗാലക്സി എസ്22 പ്ലസ്, ഗാലക്സി എസ് 22 അൾട്ര എന്നിങ്ങനെയായിരിക്കും പേരുകൾ. ഇവയോടൊപ്പം തന്നെ സാംസങിന്റെ പ്രീമിയം ആൻഡ്രോയിഡ് ടാബുകളായ ഗാലക്സി ടാബ് എസ്8, ഗാലക്സി ടാബ് എസ്8 പ്ലസ്, ഗാലക്സി ടാബ് എസ്8 അൾട്ര എന്നിവയും പുറത്തിറങ്ങും.
റിയൽമി സി35
ഫെബ്രുവരി പത്തിനാണ് റിയൽമി സി35 പുറത്തിറക്കുക. തായ്ലൻഡിൽ വെച്ചാണ് ഫോൺ ആഗോള വിപണിയിൽ അവതരിപ്പിക്കുന്നത്. ഡ്യു ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ, യുണിസോക് ടി616 പ്രൊസസർ ചിപ്പ്, 4ജിബി റാം, 128 ജിബി സ്റ്റോറേജ്, 50 എംപി പ്രൈമറി ക്യാമറ, 8 എംപി സെൽഫി ക്യാമറ, ആൻഡ്രോയിഡ് 11, 5000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ടാവും.
റെഡ്മി നോട്ട് 11 , റെഡ്മി നോട്ട് 11എസ്
റെഡ്മി നോട്ട് 11, 11എസ് ഫോണുകൾ ഒടുവിൽ ഇന്ത്യയിലെത്തുകയാണ്. ഫെബ്രുവരി ഒമ്പതിനാണ് ഫോൺ പുറത്തിറക്കുക. ഫോണിനൊപ്പം റെഡ്മി സ്മാർട് ടിവി എക്സ്43, റെഡ്മി സ്മാർട് ബാൻഡ് പ്രോ എന്നിവയും അവതരിപ്പിക്കും. മുൻഗാമികളേക്കാൾ വില കൂടിയ ഫോൺ ആയിരിക്കും റെഡ്മി നോട്ട് 11 എസ് എന്നാണ് റിപ്പോർട്ടുകൾ.
വിവോ ടി1 5ജി
ഫെബ്രുവരി ഒമ്പതിന് ഉച്ചയ്‍ക്ക് 12 മണിക്ക് വിവോ ടി1 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീൻ, 5 ലെയർ ടർബോ കൂളിങ് സംവിധാനം, 2.2 ഗിഗാഹെർട്സ് ഒക്‍ടാകോർ സ്നാപ്ഡ്രാഗൺ 695 5ജി പ്രൊസസർ എന്നിവ ഫോണിനുണ്ടാവുമെന്ന് ഫ്ളിപ്കാർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
6.58 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ ആയിരിക്കും ഇതിന്, 8ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് ,50എംപി, രണ്ട് എംപി, രണ്ട് എംപി സെൻസറുകളടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ, 16 എംപി സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 18 വാട്ട് ഫാസ്റ്റ് ചാർജിങ് എന്നിവയായിരിക്കും ഇതിന്. 20000 രൂപയിൽ താഴെയായിരിക്കും വില.
ടെക്നോ പോവ 5ജി
ടെക്നോയുടെ ആദ്യ 5ജി സ്മാർട്ഫോൺ ആണിത്. ഡിസംബറിൽ നൈജീരിയയിൽ വെച്ചാണ് ഫോൺ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഫെബ്രുവരി എട്ടിന് ഇത് ഇന്ത്യയിൽ അവതരിപ്പിക്കും. 20000 രൂപയിൽ താഴെയായിരിക്കും ടെക്നോ പോവ 5ജിയുടെ വില.
6.9 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് 120 ഹെർട്സ് ഡിസ്പ്ലേ, മീഡിയാ ടെക്ക് ഡൈമെൻസിറ്റി 900 പ്രൊസസർ, 6ജിബി എൽപിഡിഡിആർ5 റാം, 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 50എംപി+2എംപി+ എഐ ലെൻസ് ട്രിപ്പിൾ ക്യാമറയായിരിക്കും ഇതിന് 16 എംപി സെൽഫി കാമറയുണ്ടാവും. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഹൈഓഎസ്, 6000 എംഎഎച്ച് ബാറ്ററി, 18 വാട്ട് ചാർജിങ് എന്നിവയുമുണ്ടാവും.
Content Highlights: Galaxy S22 series, Realme C35, Vivo T1 5G Upcoming Smartphones this week