ചരിത്രത്തിലാദ്യമായി സാമൂഹിക മാധ്യമ വെബ്സൈറ്റായ ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇടിവുണ്ടായിരിക്കുന്നു. ഇക്കാലമത്രയും സംഭവിക്കാതിരുന്ന ആ പ്രതിഭാസം ഇന്നുണ്ടായെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടെന്ന് വേണം മനസിലാക്കാൻ.
ഫേസ്ബുക്കിന്റെ ഉടമസ്ഥരായ മെറ്റയും സ്നാപ്ചാറ്റുമെല്ലാം അത് മനസിലാക്കുന്നുണ്ട്. സാമൂഹിക മാധ്യമ രംഗത്ത് മാറ്റം സംഭവിക്കുന്നുണ്ട്. ട്രെൻഡ് മാറുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഭാവി ചൈനീസ് ഷോർട്ട് വീഡിയോ ആപ്പ് ആയ ടിക്‍ടോക്കിനൊപ്പമായിരിക്കുമെന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ ഇടിവിന് കാരണങ്ങളിലൊന്നായി ഫേസ്ബുക്കിന്റെ ഉടമസ്ഥരായ മെറ്റ പ്ലാറ്റ്ഫോംസ് എടുത്തു പറയുന്നത് ടിക്‍ടോക്കിനേയാണ്. ടിക്‍ടോക്കും സമാനമായ സോഷ്യൽ മീഡിയാ സേവനങ്ങളും ഉപഭോക്താക്കളെ വലിയ രീതിയിൽ ആകർഷിക്കുന്നു.
സ്നാപ്ചാറ്റിലെ സ്റ്റോറീസ് കാണാൻ അധികമാരും സമയം ചിലവഴിക്കുന്നില്ലെന്നും പകരം ടിക്‍ടോക്കിലെ ഒരു ഫീച്ചറായ സ്പോട്ട് ലൈറ്റിൽ വീഡിയോ കാണുന്നതിനായി സ്നാപ്ചാറ്റ് ഉപഭോക്താക്കൾ പോവുന്നുവെന്നും പറഞ്ഞത് സ്നാപ് സി.ഇ.ഒ. ഇവാൻ സ്പീഗൽ തന്നെയാണ്.
2019 അവസാനത്തോടെ തുടങ്ങുകയും 2020 പൂർണരൂപം പ്രാപിക്കുകയും ചെയ്ത കോവിഡ് പകർച്ചാ വ്യാധിക്കാലത്ത് സാമൂഹിക മാധ്യമ രംഗത്തുണ്ടായ വലിയ മാറ്റമാണ് ടിക്‍ടോക്ക് പോലുള്ള സേവനങ്ങളിലേക്കുള്ള ആളുകളുടെ കുടിയേറ്റം. സ്നാപ്ചാറ്റ് പോലുള്ള സേവനങ്ങളിൽനിന്ന് അന്ന് പോയ പ്രതിദിന ഉപഭോക്താക്കൾ ഭൂരിഭാഗവും പിന്നീട് തിരികെയെത്തിയില്ല. ഫേസ്ബുക്കും നേരിട്ടത് ഇതേ പ്രതിഭാസമാണ്.
ടിക്‍ടോക്കിന്റെ വളർച്ച പക്ഷെ, മാർക്ക് സക്കർബർഗ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മുമ്പായിരുന്നെങ്കിൽ ആ സേവനത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ചിലപ്പോൾ അദ്ദേഹം നടത്തിയേനെ. അതിന് ശ്രമിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് റീൽസ് എന്ന പേരിൽ ഹ്രസ്വ വീഡിയോ സേവനത്തിന് ഫേസ്ബുക്ക് തുടക്കമിടുന്നത്. ടിക്‍ടോക്കിന്റെ സാന്നിധ്യമില്ലാത്ത ഇന്ത്യ പോലുള്ള ഇടങ്ങളിലല്ലാതെ റീൽസിന് ടിക്‍ടോക്കിനെ മറികടക്കാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയിൽ പോലും റീൽസിനും ഫേസ്ബുക്കിനും ഇപ്പോഴും നേട്ടമായിരിക്കുന്നത് ടിക്‍ടോക്കിന്റെ അഭാവമാണ്.
സ്വന്തം സമയം ചെലവഴിക്കാൻ ജനങ്ങൾക്ക് മുന്നിൽ നിരവധി വഴികളുണ്ട്. ടിക് ടോക്ക് പോലുള്ള ആപ്പുകൾ അതിവേഗം വളരുകയാണ്. കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ടുള്ള യോഗത്തിൽ മാർക്ക് സക്കർബർഗ് പറഞ്ഞത് ഇങ്ങനെയാണ്.
ടിക്‍ടോക്കിൽ ആളുകൾ സമയം പണവും ചെലവഴിക്കുന്നത് കൂടിക്കൊണ്ടിരിക്കുകയാണ്. 2020 ഏപ്രിലിൽ തന്നെ ടിക്‍ടോക്ക് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 200 കോടി മറികടന്നിരുന്നു. 2021 ജൂലായിൽ അത് 300 കോടി കടന്നു. ഈ നേട്ടം കൈവരിക്കുന്ന ഫേസ്ബുക്കിന്റേതല്ലാത്ത ആദ്യ ആപ്ലിക്കേഷനായി ടിക് ടോക്ക് മാറി. ഇന്ത്യയിൽ നേരിട്ട നിരോധനവും ചൈനയുമായി ബന്ധപ്പെട്ട രാജ്യ സുരക്ഷാ ആരോപണങ്ങളും 2020 ൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ ചെറിയ ഇടിവുണ്ടാക്കിയതല്ലാതെ തുടർന്നിങ്ങോട്ട് കമ്പനിയെ ഒട്ടും തന്നെ അവ ബാധിക്കുകയുണ്ടായില്ല എന്നുമാത്രമല്ല അമേരിക്കൻ, യൂറോപ്യൻ വിപണികളിലുൾപ്പടെ ആഗോളതലത്തിൽ നേട്ടം കൈവരിക്കാനും ടിക് ടോക്കിന് സാധിച്ചു.
ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2020 ജൂണിലാണ് ഇന്ത്യ ടിക്‍ടോക്ക് ഉൾപ്പടെയുള്ള നിരവധി ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഉപഭോക്താക്കൾ ടിക്‍ടോക്കിൽ ചെലവഴിച്ചത് ഏകദേശം 2300 കോടി ഡോളറാണ്. ടിക്‍ടോക്കിന്റെ ഐ.ഓ.എസ്, ചൈനീസ് പതിപ്പുകൾ ചേർത്തുള്ള കണക്കാണിത്. 2020-ൽ 1300 കോടി ഡോളറായിരുന്നു ഇത്. അതായത് 77 ശതമാനം വളർച്ചയുണ്ടായിരിക്കുന്നു.
ചൈനയാണ് ടിക്‍ടോക്കിന്റെ ഏറ്റവും വലിയ വിപണി. ചൈനയ്‍ക്ക് പ്രത്യേകമായി ഡോയിൻ (Douyin) എന്ന പേരിൽ ഒരു പതിപ്പാണ് ടിക്‍ടോക്കിനുള്ളത്. യു.എസ്. ആണ് ടിക്‍ടോക്കിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണി.
Content Highlights: Meta, Snapchat, Tiktok
Courtesy: IANS