ഒരൊറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് വിവാദം സൃഷ്ടിച്ച ബെറ്റർ ഡോട്ട് കോം സിഇഒയും ഇന്ത്യൻ വംശജനുമായ വിശാൽ ഗാർഗ് ജോലിയിൽ തിരിച്ചെത്തിയതിന് പിന്നാലെ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ രാജിവെക്കുന്നു.
കമ്പനിയുടെ കസ്റ്റമർ എക്സ്പീരിയൻ, സെയിൽസ്, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന സാറാ പിയേഴ്സ്, കാപ്പിറ്റൽ മാർക്കറ്റ്സ് ആന്റ് ഗ്രോത്ത് സീനിയർ വൈസ് പ്രസിഡന്റ് ഇമാനുവൽ സാന്റ ഡൊനാറ്റോ എന്നിവർ രാജിവെച്ചതായി ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു.
വിശാൽ ഗാർഗ് ജീവനക്കാരെ പിരിച്ചുവിട്ട രീതിയോട് സാറാ പിയേഴ്സ് യോജിച്ചിരുന്നില്ലെന്നാണ് വിവരം. പിരിച്ചുവിടപ്പെട്ടവരിൽ ഭൂരിഭാഗവും സാറാ പിയേഴ്സിനെ ബന്ധപ്പെട്ടിരുന്നു.
നിങ്ങളെ മികച്ചതാക്കി നിലനിർത്തുന്നത് എന്ന ചോദ്യം ഞാൻ എല്ലായിപ്പോഴും കേട്ടിട്ടുണ്ട്. തുടക്കം മുതൽ അവസാനം വരെ എന്റെ ഉത്തരം ഒരിക്കലും മാറിയിട്ടില്ല: ആളുകൾ. ആറ് വർഷക്കാലം, ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളുമായ ചില ആളുകളുമായി പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞു, പിയേഴ്സ് ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു.
ബെറ്ററിലെ എന്റെ സഹപ്രവർത്തകരോട്, ഞാൻ നിങ്ങളെ മിസ്സ് ചെയ്‌യും. ബെറ്റർ വിട്ടവരോട്. നിങ്ങൾ നിങ്ങളുടെ കരിയറിൽ എടുക്കുന്ന അവിശ്വസനീയമായ ചുവടുകളും നിങ്ങൾ മികച്ച കമ്പനികളിൽ ചേരുന്നതും ഏറെ പ്രചോദനം നൽകുന്നവയാണ്.
ഇവരെ കൂടാതെ ബെറ്ററിലെ ബോർഡ് അംഗങ്ങളായ രാജ് ഡേറ്റ്, ദിനേശ് ചോപ്ര എന്നിവരും അടുത്തിടെ രാജിവെച്ചിരുന്നു.
ഒരു മാസം നീണ്ട ഇടവേളയ്‍ക്ക് ശേഷം വിശാൽ ഗാർഗ് വീണ്ടും മേധാവിയായി തിരിച്ചെത്തിയതിനെ തുടർന്നാണ് ജീവനക്കാർ രാജിവെക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ഡിസംബർ ഒന്നാം തിയ്‌യതിയാണ് വിശാൽ സൂ കോളിലൂടെ ജീവനക്കാരെ പിരിച്ചുവിട്ടത്. ഇത് നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തയാണ്. നിങ്ങൾ ഈ സൂം മീറ്റിങ്ങിന്റെ ഭാഗമാണെങ്കിൽ ജോലി നഷ്ടപ്പെടാൻ പോകുന്ന നിർഭാഗ്യവാൻമാരുടെ കൂട്ടത്തിലാണ്. നിങ്ങളെ ഈ നിമിഷം മുതൽ പിരിച്ചുവിടുന്നു. അന്ന് സൂം കോളിൽ വിശാൽ ജീവനക്കാരോട് പറഞ്ഞ വാക്കുകളാണിത്. ഇന്ത്യയിലേയും അമേരിക്കയിലേയും ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.
സൂം കോളിൽ പങ്കെടുത്തിരുന്ന ഒരാൾ ഇത് റെക്കോർഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ക്ഷമ ചോദിച്ച് വിശാൽ രംഗത്തെത്തി. കമ്പനിയിൽ നിലവിൽ ജോലി ചെയ്‌യുന്ന ജീവനക്കാർക്ക് അയച്ച മെയിലിലാണ് ക്ഷമ ചോദിച്ചത്. തുടർന്ന കമ്പനി ബോർഡ് യോഗം വിളിച്ച് വിശാലിനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വീടുകൾ വാങ്ങാൻ ഓൺലൈനിലൂടെ വായ്പ നൽകുന്ന കമ്പനിയാണ് ബെറ്റർ ഡോട്ട് കോം. റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ് മേഖലയിലും പ്രവർത്തിക്കുന്നുണ്ട്.
Content Highlights: Vishal Gargs return as Better.com CEO senior executives resignations