സ്കൂളുകൾ പതിനാലാം തീയതി മുതലും കോളേജുകൾ ഏഴാം തീയതി മുതലും തുറന്ന് പ്രവർത്തിക്കും. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടരും. 20 പേരെ മാത്രം ഉൾക്കൊള്ളിച്ച് ആരാധനാലയങ്ങൾക്ക് ഞായറാഴ്ച പ്രവേശനം അനുവദിക്കാം. സംസ്ഥാനത്തെ കാറ്റഗറി തിരിച്ചുള്ള നിയന്ത്രനങ്ങളിലും മാറ്റമുണ്ട്. കൊല്ലം ജില്ല മാത്രമാണ് സി കാറ്റഗറിലുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകൾ എ കാറ്റഗറിയിലാണ്. കാസർകോട് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെടുന്നില്ല. ബാക്കിയുള്ള ജില്ലകൾ ബി കാറ്റഗറിയിലാണ്.
കൊവിഡ് കേസുകൾ വ്യാപകമായതോടെയാണ് സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ കൊവിഡ് അവലോകന യോഗത്തിൽ നിർണായക തീരുമാനമുണ്ടായത്. അടുത്ത അവലോകന യോഗത്തിൽ കൂടുതൽ തീരുമാനങ്ങളുണ്ടാകും.
സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ജില്ലകളിൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. സിനിമാ തിയേറ്ററുകൾ, ജിമ്മുകൾ, നൈറ്റ് ക്ലബുകൾ എന്നിവ ഇതോടെ തുറക്കാനുള്ള സാഹചര്യമുണ്ടാകും. സി കാറ്റഗറിയിൽ തുടരുന്ന കൊല്ലത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരും. കൊവിഡ് കേസുകളിൽ കുറവുണ്ടായതോടെ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത്തവണയും നിയന്ത്രണങ്ങളോടെ അനുമതി നൽകിയേക്കും.