കോഴിക്കോട്: വന്യജീവിസംരക്ഷണനിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ പാമ്പിനെപിടിക്കുന്നത് കർശനമായി വിലക്കാൻ വനംവകുപ്പ്. പലപ്പോഴും നിബന്ധന പാലിക്കാതെ നാട്ടുകാരുടെ മുന്നിൽ പാമ്പിനെവെച്ച് പ്രദർശനം നടത്തുന്നതാണ് അപകടമുണ്ടാക്കുന്നത്.
വനംവകുപ്പ് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകിയവർ ഈ മാനദണ്ഡം പാലിക്കുന്നുണ്ട്. 2020-ൽ 1600 പേരെ പരിശീലിപ്പിച്ചതിൽ 928 പേർക്ക് സർട്ടിഫിക്കറ്റ് നൽകി. അഞ്ചുവർഷമാണ് ലൈസൻസ് കാലാവധിയെങ്കിലും ഇതിനിടയിൽ മാനദണ്ഡം പാലിക്കാതെ പാമ്പിനെ പിടിച്ചാൽ ലൈസൻസ് റദ്ദാക്കും.
വാവ സുരേഷ് വനംവകുപ്പ് നൽകിയ പരിശീലനത്തിൽ പങ്കെടുക്കുകയോ സർട്ടിഫിക്കറ്റ് നേടുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന് ആവശ്യമായ ചികിത്സയും സഹായധനവും നൽകാൻ വനംവകുപ്പ് തയ്യാറായിട്ടുണ്ട്. വാവ സുരേഷിനെ പോലുള്ളവർ അടിയന്തരമായി പരിശീലനപദ്ധതിയിൽ ചേർന്ന് സർട്ടിഫിക്കറ്റ് നേടണമെന്ന് വനംവകുപ്പ് കർശനമായി നിർദേശിക്കും.
സ്വന്തംനിലയിൽ പാമ്പുകളെ പിടികൂടിയതിന്റെ പരിചയമുണ്ടെങ്കിലും ശാസ്ത്രീയപരിശീലനം ഇല്ലാത്തതാണ് പാമ്പുകടിയേൽക്കാൻ കാരണമെന്ന് തിരുവനന്തപുരം അരിപ്പയിലെ വനം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറും പാമ്പുപിടിത്തപരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ സംസ്ഥാന നോഡൽ ഓഫീസറുമായ വൈ. മുഹമ്മദ് അൻവർ പറയുന്നു.
അനുമതിയില്ലാതെ പാമ്പിനെ പിടിക്കുന്നത് കുറ്റകൃത്യം
: വനംവകുപ്പിന്റെ സർട്ടിഫിക്കറ്റില്ലാത്തവർ പാമ്പിനെ പിടിക്കുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകൃത്യമാണ്. പാമ്പിനെ പിടിക്കുന്നവർ മൂന്ന് സുരക്ഷാമാനദണ്ഡം ഉറപ്പുവരുത്തണം.
പാമ്പിനെ പിടിക്കുന്ന ആൾ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കണം.
പാമ്പിന് ഒരപകടവും സംഭവിക്കാൻ പാടില്ല. പൈപ്പ് ഉപയോഗിച്ച് കൃത്രിമ മാളം സൃഷ്ടിച്ച് അതുവഴി പാമ്പിനെ കടത്തിവിട്ട് ബാഗിലാക്കുകയാണ് ശാസ്ത്രീയരീതി. 30 സെക്കൻഡ് മുതൽ ഒരു മിനിറ്റിനുള്ളിൽ പാമ്പിനെ ബാഗിലാക്കണം. പാമ്പിനെ തലകീഴായി തൂക്കിയിട്ട് പ്രദർശിപ്പിക്കരുത്. തൂക്കിയിട്ടാൽ പാമ്പിന്റെ നട്ടെല്ലിന് വേഗം പരിക്കുപറ്റാനിടയുണ്ട്.
പാമ്പിനെ പിടികൂടുമ്പോൾ പരിസരത്തുള്ള ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. വനംവകുപ്പിന്റെ അംഗീകാരമില്ലാത്തവർ പാമ്പിനെ പിടിക്കുന്നതോ കൈവശം വെക്കുന്നതോ ശിക്ഷാർഹമാണ്. ചേര, നീർക്കോലി, രാജവെമ്പാല, ചേനത്തണ്ടൻ, അണലി, മൂർഖൻ തുടങ്ങിയ പാമ്പുകളെ അംഗീകാരമില്ലാത്തവർ പിടിക്കുന്നത് മൂന്നുമുതൽ ഏഴുവരെ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Content Highlights : Forest department to impose strict rules; up to seven years of imprisonmentforuntrained people catching snakes