ഗൗരവതരമായ ചർച്ചകൾ നടക്കാറുള്ളയിടമാണ് ട്വിറ്റർ. പലപ്പോളും ആ ചർച്ചകൾക്കുള്ള പരിമിതിയായി മാറുന്നത് ട്വിറ്ററിൽ വാക്കുകൾ ടൈപ്പ് ചെയ്‌യുന്നതിനുള്ള പരിമിതിയാണ്. 280 അക്ഷരങ്ങളാണ് നിലവിൽ ട്വിറ്ററിൽ ടൈപ്പ് ചെയ്‌യാനാവുക. എന്നാൽ ഇപ്പോൾ ഈ നിയന്ത്രണമില്ലാതെ മുഴുനീള ലേഖനങ്ങൾ പങ്കുവെക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണത്രെ ട്വിറ്റർ.
ട്വിറ്ററിലെ പുതിയ അപ്ഡേറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാറുള്ള ജെയ്ൻ മാഞ്ചുൻ വോങ് ആണ് മുഴുനീള ലേഖനങ്ങൾ എഴുതാനുള്ള സൗകര്യമൊരുക്കാൻ ട്വിറ്ററിന് പദ്ധതിയുണ്ടെന്ന വിവരം പുറത്തുവിട്ടത്. ട്വിറ്റർ ആർട്ടിക്കിൾസ് (Twitter Articles) എന്നാണ് ഇതിന് പേര്.
ഇതുമായി ബന്ധപ്പെട്ട് ഒരു സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇത്തരം ലേഖനങ്ങൾക്കായി പ്രത്യേക ടാബും ട്വിറ്ററിന്റെ പ്രധാന വിൻഡോയിൽ ഉണ്ടാവും. എക്സ്പ്ലോർ, സ്പേസസ് എന്നിവയ്ക്കൊപ്പമായിരിക്കും ഇത്.
ആർട്ടിക്കിൾ ഫീച്ചറിനെ കുറിച്ചുള്ള വിവരം ആദ്യമായാണ് പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെയില്ല. ട്വിറ്റർ ഇതുമായി ബന്ധപ്പെട്ട് ഒന്നും പറഞ്ഞിട്ടില്ല.
Twitter is working on &ldquoTwitter Articles&rdquo and the ability to create one within Twitter
Possibility a new longform format on Twitter
&mdash Jane Manchun Wong (@wongmjane)
നിലവിൽ 280 അക്ഷരങ്ങളുടെ പരിമിതിയുള്ളതിനാൽ ട്വീറ്റുകൾക്ക് കീഴിൽ ട്വീറ്റുകളായി വിവരങ്ങൾ ടൈപ്പ് ചെയ്‌യുകയാണ് ചെയ്തുവരുന്നത്. ഇതിനെ ത്രെഡ് (Thread) എന്നാണ് വിളിക്കുന്നത്.
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം എന്ന പേരിൽ ട്വിറ്റർ അറിയപ്പെടുന്നത് തന്നെ വളരെ ചരുക്കം വാക്കുകളിൽ എഴുത്തുകൾ പങ്കുവെക്കുന്നതിനാലാണ്. നേരത്തെ 140 അക്ഷരങ്ങളായിരുന്നു അനുവദിച്ചിരുന്നത്. ദൈർഘ്യ മേറിയ കുറിപ്പുകൾ പങ്കുവെക്കാൻ അവ ടൈപ്പ് ചെയ്ത ഇമേജുകളുണ്ടാക്കി അപ് ലോഡ് ചെയ്‌യുകയാണ് ചിലർ ചെയ്‌യാറുള്ളത്.
ഇത് കൂടാതെ ട്വീറ്റുകൾ തിരഞ്ഞെടുത്ത ഫോളോവർമാരെ മാത്രം കാണിക്കുന്നതിനായുള്ള ട്വിറ്റർ ഫ്ളോക്ക് (Twitter Flock) ഫീച്ചറും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇൻസ്റ്റാഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് (Close Friends) ഫീച്ചറിന് സമാനമാണിത്. ഒപ്പം ട്വീറ്റുകൾ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനുള്ള പുതിയ സെർച്ച് ബാറും, ട്വീറ്റുകൾ ഉദ്ധരിച്ച് (Tweet Quote) ട്വീറ്റ് ചെയ്‌യാനുള്ള സൗകര്യവും പരീക്ഷിക്കുന്നുണ്ട്.