കണ്ണൂർ: മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പണം കവർന്ന കേസിൽ പിരിച്ചുവിട്ട പോലീസുകാരനെ സർവീസിൽ തിരിച്ചെടുത്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന കടന്നപ്പള്ളി സ്വദേശി ഇ.എൻ. ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്. പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കണ്ണൂർ ഡിഐജിയുടെ പുതിയ ഉത്തരവ്.
ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ബോധ്യമാകുന്നുണ്ടെന്നും എന്നാൽ സേനയിൽ തുടരാൻ അവസരം നൽകാവുന്നതായി കാണുന്നു. വരുംകാല വാർഷിക വേതത വർധനവ് മൂന്ന് വർഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് സേവനത്തിലേക്ക് തിരച്ചെടുക്കുന്നു. സേവനത്തിന് പുറത്തുനിന്ന് കാലയളവ് മെഡിക്കൽ രേഖ കൂടാതെയുള്ള ശമ്പളരഹിത അവധിയായി കണക്കാക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
മോഷണക്കേസിൽ പ്രതിയായ ഒരാളുടെ സഹോദരിയുടെ എടിഎം കാർഡ് കേസ് അന്വേഷണത്തിന്റെ ഭാഗമായെന്ന് പറഞ്ഞ് കൈക്കലാക്കുകയും അതുപയോഗിച്ച് പണമെടുക്കുകയും ഇത് തെളിയിക്കപ്പെടുകയും ചെയ്തതാണ്. ഗോകുൽ എന്നയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് സഹോദരിയുടെ എടിഎം കാർഡും കണ്ടെടുത്തു. ഈ കാർഡാണ് പോലീസുകാരനായ ശ്രീകാന്ത് കൈക്കലാക്കിയത്.
തുടർന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയിൽനിന്ന് എടിഎം കാർഡിന്റെ പിൻ നമ്പർ സ്വന്തമാക്കി. ഇതിനുശേഷം 9500 രൂപ പിൻവലിച്ചതായും ബാക്കി പണം കൊണ്ട് സാധനങ്ങൾ വാങ്ങിയെന്നുമാണ് തെളിഞ്ഞത്. ഈ സാഹചര്യത്തിലാണ് ആദ്യം ശ്രീകാന്തിനെ സസ്പെന്റ് ചെയ്യുകയും പിന്നീട് ഡിസംബർ 13ന് പിരിച്ചുവിടുകയും ചെയ്തത്.
Content Highlights:Dismissed policeman was taken back to service