സോഷ്യൽ മീഡിയ സേവനമായ ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിൽ ആദ്യമായി ഇടിവ്. ഇക്കാര്യം പുറത്തുവിട്ടതോടെ കമ്പനിയുടെ ഓഹരിയിൽ വൻ ഇടിവുണ്ടായി. ആപ്പിളിന്റെ പുതിയ സ്വകാര്യതാ നയങ്ങളും നിയന്ത്രണങ്ങളും ടിക് ടോക്ക് പോലുള്ള എതിരാളികൾ ഉപഭോക്താക്കളെ ആകർഷിച്ചതും തിരിച്ചടിയായെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഉപഭോക്താക്കളുടെ എണ്ണത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന കമ്പനിയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഫെബ്രുവരി രണ്ടിന് മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരിയിൽ 20 ശതമാനത്തിലേറെ ഇടിവുണ്ടായി. ഇതുവഴി 20,000 കോടി ഡോളറിന്റെ നഷ്ടം കമ്പനിയ്‍ക്കുണ്ടായെന്നാണ് കണക്കുകൾ.
18 വർഷക്കാലത്തെ ചരിത്രത്തിനിടയ്‍ക്ക് ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇടിവുണ്ടായത്. ഇക്കഴിഞ്ഞ ഒക്‍ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 1,93,000 കോടി പ്രതിദിന ഉപഭോക്താക്കളുണ്ടായിരുന്നത് ഇപ്പോൾ 1,92,900 കോടിയിലേക്ക് ഇടിഞ്ഞു.
ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സ്വകാര്യതാ നയത്തിലുണ്ടായ മാറ്റങ്ങൾ കമ്പനിയെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ പരസ്യ വിതരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഫേസ്ബുക്കിന്റെ പരസ്യ വിതരണത്തെ ബാധിച്ചു. ഇത് കൂടാതെ ആഗോള തലത്തിലുള്ള വിതരണ ശൃംഖലയിൽ പകർച്ചാ വ്യാധിയുടെ സമയത്തുണ്ടായ പ്രതിസന്ധികളും കമ്പനിയ്‍ക്ക് പൊതുവിൽ തിരിച്ചടിയായി.
അതേസമയം, ടിക്‍ടോക്ക്- യൂട്യൂബ് പോലുള്ള പ്ലാറ്റ് ഫോമുകൾ വ്യാപകമായി ഉപഭോക്താക്കളെ ആകർഷിക്കാൻ തുടങ്ങിയതും ഫേസ്ബുക്കിന് കനത്ത തിരിച്ചടിയായിരുന്നു. ഇൻസ്റ്റാഗ്രാമിൽനിന്നും ഫേസ്ബുക്കിൽനിന്നും യുവാക്കളടങ്ങുന്ന വലിയൊരു വിഭാഗത്തെ ആകർഷിക്കാൻ ടിക്‍ടോക്കിനും സാധിച്ചു.
ട്വിറ്റർ, സ്നാപ്ചാറ്റ്, പിന്ററസ്റ്റ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഓഹരിയും ഇടിഞ്ഞിട്ടുണ്ട്. അതേസമയം, ഫെബ്രുവരി ഒന്നിന് റെക്കോർഡ് ത്രൈമാസ വിൽപ്പന രേഖപ്പെടുത്തിയ ആൽഫബെറ്റിന്റെ ഓഹരികൾ കഴിഞ്ഞ ദിവസം ഏകദേശം 2 ശതമാനം ഇടിഞ്ഞു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പരസ്യ വിതരണ പ്ലാറ്റ്ഫോമിന്റെ ഉടമയാണ് മെറ്റ. കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാനപാദത്തിൽ തന്നെ പരസ്യ വിതരണത്തിൽ കാര്യമായ അനിശ്ചിതത്വങ്ങൾ നേരിടുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കിയരുന്നു.
പരസ്യങ്ങൾക്ക് വേണ്ടി ആപ്പുകൾ തങ്ങളെ പിന്തുടരുന്നത് നിർത്തിവെക്കാൻ ഉപഭോക്താക്കൾക്ക് ആപ്പിൾ അനുവാദം നൽകിയതോടെ പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കളിൽനിന്നുള്ള വിവരങ്ങളെ ആശ്രയിക്കാനും വിപണിയെ പഠിക്കാനും പരസ്യ വിതരണ കമ്പനികൾക്ക് സാധിക്കാതെ വന്നു.
അതേസമയം, ആഗോള തലത്തിൽ ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകൾക്ക് ജനപ്രീതി കുറയുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ് ഫോമുകളുടെ ഉള്ളടക്കങ്ങൾ ആഗോള തലത്തിൽ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, മാനസിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുകളും സ്വകാര്യതയുമായി ബന്ധപ്പെട്ട് കമ്പനി നേരിടുന്ന കേസുകളുമെല്ലാം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനിയ്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
ഫേസ്ബുക്ക് ഉപഭോക്താക്കളുടെ പ്രായം കൂടി വരുന്നതായി കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. യുവാക്കൾ വ്യാപകമായി പ്ലാറ്റ്ഫോമിൽനിന്ന് കൊഴിഞ്ഞുപോവുകയാണ്. മധ്യവയസ്കരായ അമ്മാവന്മാരുടെ ഇടമാണ് ഫേസ്ബുക്ക് എന്ന് യുവാക്കളും ഫേസ്ബുക്കിനെ ട്രോളിത്തുടങ്ങിയിട്ടുണ്ട്.
Content Highlights: Facebook loses daily users for the first time, Meta shares collapse 20 percent