കൊല്ലം:പതിനൊന്നുവർഷത്തിനുശേഷം വീണ്ടും സൂര്യകളങ്കം ദൃശ്യമാകുന്നു. സൂര്യന്റെ പ്രഭാമണ്ഡലത്തിൽ സംഭവിക്കുന്ന താത്‌കാലിക പ്രതിഭാസങ്ങളാണ് സൺ സ്പോട്ട് എന്ന സൂര്യകളങ്കങ്ങൾ. 2011-ലാണ് മുൻപ് പ്രത്യക്ഷപ്പെട്ടത്. സൗരോപരിതലത്തിൽ തൊട്ടടുത്ത സ്ഥലത്തെക്കാൾ ചൂടും പ്രകാശവും കുറഞ്ഞ ഭാഗങ്ങളാണ് ഇങ്ങനെ കാണപ്പെടുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.
ഇവ സൗരകാന്തമണ്ഡലവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കാം. ക്രമേണ അടയാളങ്ങൾ ക്ഷയിച്ച് ഇല്ലാതാകും. പതിനൊന്നുവർഷമാണ് ഇതിന്റെ ചാക്രികകാലം. അതിനിടയിലും ചിലപ്പോഴൊക്കെ കാണാറുണ്ട്.
സൂര്യനിൽനിന്നുള്ള പലതരം വികിരണങ്ങൾ ഭൂമിയുടെ അന്തരീക്ഷവായുമണ്ഡലത്തിൽ (അയണോസ്പിയർ) പ്രതിപ്രവർത്തിക്കുന്നതിനാൽ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെയും ജി.പി.എസ്. ഉപകരണങ്ങളുടെയും പ്രവർത്തനത്തെയും ഇത് അപൂർവമായി ബാധിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. അംഗീകൃത സോളാർ ഫിൽട്ടറുകൾ ഘടിപ്പിച്ച ടെലിസ്കോപ്പ് ഉപയോഗിച്ചുമാത്രമേ ഇവയെ നിരീക്ഷിക്കാവൂ.
പല ഫോട്ടോഗ്രാഫർമാരും വാനനിരീക്ഷകരും സൂര്യകളങ്കം രേഖപ്പെടുത്തിത്തുടങ്ങി. 2011-ൽ പ്രത്യക്ഷപ്പെട്ടപ്പോഴും പലരും പകർത്തിയിരുന്നു. മുൻകരുതലില്ലാതെ ക്യാമറ സൂര്യനുനേരെ പിടിച്ച് ഫോക്കസ് ചെയ്‌യുന്നത് കണ്ണിനും ക്യാമറയ്‍ക്കും അപകടമുണ്ടാക്കുമെന്ന് ഫോട്ടോഗ്രാഫറായ ദത്തൻ പുനലൂർ പറഞ്ഞു. ദത്തൻ 2011-ൽ കോവളത്തും ഇത്തവണ കൊല്ലം താന്നി കടപ്പുറത്തും ഇത് പകർത്തിയിട്ടുണ്ട്.ഇപ്പോഴുള്ള സൂര്യകളങ്കത്തിന് എ.ആർ.2936 എന്നാണ് പേരിട്ടിരിക്കുന്നതെന്ന് അമെച്ചർ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
Content Highlights: sun spot becomes visible after 11 years