ഏറെ ജനപ്രീതിയുള്ള പദപ്രശ്ന ഗെയിമായ വേഡിലിനെ ന്യൂയോർക്ക് ടൈംസ് സ്വന്തമാക്കിയിരിക്കുന്നു. റെക്കോർഡ് തുകയ്‍ക്കാണ് ഈ ഇടപാട് നടന്നത് എന്നാണ് റിപ്പോർട്ടുകൾ എങ്കിലും എത്ര തുകയ്‍ക്കാണ് കൈമാറ്റം നടന്നത് എന്ന് വ്യക്തമല്ല. എന്തായാലും സംഭവത്തിൽ ഗെയിംമിന്റെ നിർമാതാവായ ബ്രിട്ടീഷ് എഞ്ചിനീയർ ജോഷ് വാഡിലിന് കോളടിച്ചിരിക്കുകയാണ്. ഇന്ത്യക്കാരിയായ തന്റെ കാമുകിയ്‍ക്ക് വേണ്ടി ഒരു ഗെയിം വലിയ തുകയ്‍ക്ക് വിറ്റുപോയാൽ എങ്ങനെ സന്തോഷിക്കാതിരിക്കും.
കഴിഞ്ഞ ഒക്‍ടോബറിലാണ് തന്റെ കാമുകി പാലക് ഷായ്‍ക്ക് വേണ്ടി ജോഷ് വാഡിൽ വേഡിൽ ഗെയിം നിർമിച്ച് പുറത്തിറക്കിയത്. റെഡ്ഡിറ്റിലെ ഒരു എഞ്ചിനീയറാണ് വാഡിൽ. എന്നാൽ ഈ ഗെയിമിന് അതിവേഗം ദശലക്ഷക്കണക്കിന് പ്രതിദിന ഉപഭോക്താക്കളെ ലഭിച്ചു. സ്വാഭാവികമായും ഗെയിം വൈറലായി മാറി.
വളരെ ലളിതമായൊരു ഗെയിമാണിത്. ലഭിക്കുന്ന ആറ് അവസരങ്ങൾക്കുള്ളിൽ അഞ്ചക്ഷരമുള്ള ഒരു വാക്ക് കണ്ടെത്തുകയാണ് ഈ ഗെയിമിൽ ചെയ്‌യേണ്ടത്.
തുടക്കത്തിൽ ഈ ഗെയിം സൗജന്യമായിരിക്കും എന്നാണ് ഗെയിമിനെ ഏറ്റെടുത്ത ന്യൂയോർക്ക് ടൈംസ് പറയുന്നത്. ഈ ചുരുങ്ങിയ കാലം കൊണ്ട് ഗെയിമിന്റെ ആരാധകരായി കൂടെ കൂടിയവർക്ക് ഒരു കോർപ്പറേറ്റ് കമ്പനിയുടെ ഏറ്റെടുക്കലിൽ ആശങ്കയുണ്ട്.
എന്തായാലും കൂടിയ വിലയ്‍ക്ക് ആപ്പ് വിൽക്കാൻ സാധിച്ച ജോഷ് വാഡിലിനെ പോലെ തന്നെ ഗെയിം സ്വന്തമാക്കിയ ന്യൂയോർക്ക് ടൈംസും ആവേശത്തിലാണ്. ആശങ്കയുടെ ഈ കാലത്ത് കൂടുതൽ ആളുകൾക്ക് വിനോദം നൽകാനാവുമെന്ന് ന്യൂയോർക്ക് ടൈംസ് വിശ്വസിക്കുന്നു.
ഒരു മാധ്യമസ്ഥാപനം എന്തിനാണ് ഗെയിം വാങ്ങുന്നത് എന്ന് ചിലപ്പോൾ ചിന്തിക്കുന്നുണ്ടാവാം. ന്യൂയോർക്ക് ടൈംസിന്റെ വെബ്സൈറ്റിൽ പസിൽ ഗെയിമുകൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ട്.
കരുതിയിരുന്നതിനേക്കാൾ വലിയ അവസരമാണ് ഗെയിമിന് ലഭിച്ചത്. ഗെയിമുകളുടെ ഗുണമേന്മയ്‍ക്ക് വേണ്ടിയുള്ള ന്യൂയോർക്ക് ടൈംസിന്റെ സമീപനവും അവർ കളിക്കാരെ കൈകാര്യം ചെയ്‌യുന്ന രീതിയുമെല്ലാം ഞാൻ ഏറെ ആരാധിക്കുന്നുണ്ടെന്നും ജോഷ് വാഡിൽ പറഞ്ഞു. ഇക്കാര്യത്തിൽ താൻ ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾ തന്നെയാണ് ന്യൂയോർക്ക് ടൈംസിന്റേതെന്നും ഗെയിമിന്റെ മുന്നോട്ടുള്ള പോക്ക് അവർക്കൊപ്പമാവുന്നതിൽ സന്തോഷമുണ്ടെന്നും ജോഷ് പറഞ്ഞു.
നിലവിലുള്ള കളിക്കാർക്കും പുതിയ ആളുകൾക്കും ഗെയിം തുടകത്തിൽ സൗജന്യമായിരിക്കുമെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. അതായത് പിന്നീട് ഗെയിമിന് സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ചേക്കും.
സബ്സ്ക്രിപ്ഷൻ നൽകി ഗെയിം കളിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഒരു പകരം സംവിധാനം ആരോൺ റെയ്‍ക്ക് എന്നയാൾ നിർദേശിക്കുന്നുണ്ട്.
ഡെസ്ക്‍ടോപ്പിൽ ഓഫ്ലൈനായി വേഡിൽ ഗെയിം മുഴുവനായും ഡൗൺലോഡ് ചെയ്തുവെക്കാനാവുമത്രെ. ചെയ്‌യേണ്ടത് ഇത്രമാത്രം
- വേഡിൽ വെബ്സൈറ്റ് സന്ദർശിക്കുക
- മൗസിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Save as ക്ലിക്ക് ചെയ്‌യുക. ഇതിന് പകരം വേണമെങ്കിൽ Ctrl+S എന്ന് കീബോഡിൽ പ്രെസ് ചെയ്‌യാം.
- അപ്പോൾ തുറന്നുവരുന്ന ബോക്സിൽ Webpage,Complete ഫോർമാറ്റിൽ പേജ് സേവ് ചെയ്‌യുക.
എങ്ങനെ കളിക്കാം?
- പേജ് സേവ് ചെയ്‌യുമ്പോൾ രണ്ട് കാര്യങ്ങളാണ് ഡൗൺലോഡ് ആവുക. അതിൽ ഒന്ന് ഒരു ഫോൾഡറായിരിക്കും. അതിൽ രണ്ട് ഫയലുകൾ ഉണ്ടാവും. അതിൽ ഒന്നും ചെയ്‌യരുത്.
- രണ്ടാമത്തേത് ഒരു എച്ച്ടിഎംഎൽ(html) ഫയൽ ആയിരിക്കും ഇത് തുറന്നാൽ ഗെയിം ഓഫ്ലൈൻ ആയി കളിക്കാൻ സാധിക്കും.
Content Highlights: Wordle, game created by Brit software engineer for his Indian girlfriend bought by nyt