അബുദാബി ചേംബർ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി , വ്യവസായ മന്ത്രി പി രാജീവ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എ ജി രാജമാണിക്കം, ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ ഇളങ്കോവൻ, ഓഎസ്ഡി മിർ മുഹമ്മദ് എന്നിവരെ ചേംബർ ചെയർമാൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
കേരളവും അബുദാബിയും തമ്മിൽ വാണിജ്യ വ്യവസായ മേഖലകളിൽ മികച്ച സഹകരണത്തിൻ്റെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിലനിൽക്കുന്ന നിക്ഷേപ സാധ്യതകളെ പൂർണ്ണമായി ഉപയോഗിക്കുവാൻ അബുദാബി ചേംബറിൻ്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു. നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിനുവേണ്ടുന്ന നടപടികൾ വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്.
അബുദാബി ചേംബർ വൈസ് ചെയർമാൻ എം എ യൂസഫലി, ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെഹെരി എന്നിവരും പങ്കെടുത്തു. യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ചേംബറുകളുടെ കൂട്ടായ്‌മായ ഫെഡറേഷൻ ഓഫ് യുഎഇ ചേംബർ ഓഫ് കോമേഴ്സ് (യുഎഇ ചേംബർ) ചെയർമാൻ കൂടിയാണ് അബ്ദുള്ള അൽ മസ്രോയി. അബുദാബിയുടെയും യുഎഇയുടെയും വാണിജ്യ വ്യവസായ രംഗത്ത് നിർണ്ണായക സ്ഥാനമുള്ള സ്ഥാപനമാണ് അബുദാബി ചേംബർ.