ഏറെ കാലങ്ങളായി ബഹിരാകാശ ഗവേഷണ രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ബഹിരാകാശ മാലിന്യങ്ങൾ. കഴിഞ്ഞ കാലങ്ങളിൽ നടന്ന ഉപഗ്രഹ വിക്ഷേപണങ്ങളുടെയും മറ്റും ഫലമായി സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങൾ ബഹിരാകാശത്താകെ നിറഞ്ഞിരിക്കുകയാണ്. ഉപയോഗരഹിതമായ ഉപഗ്രഹങ്ങളുടേയും വിക്ഷേപണങ്ങൾക്കായി ഉപയോഗിക്കുന്ന റോക്കറ്റിന്റെ ഭാഗങ്ങളും എല്ലാം ഇക്കൂട്ടത്തിൽ പെടും. അടുത്തിടെ ഉപഗ്രങ്ങളെ നശിപ്പിക്കുന്ന മിസൈലുകളുടെ പരീക്ഷണ ഫലമായും അവശിഷ്ടങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഈ മാലിന്യങ്ങൾ എങ്ങനെയെങ്കിലും നീക്കം ചെയ്‌യണമെന്ന നിലപാടിലാണ് ഇപ്പോൾ അമേരിക്ക. രാജ്യ സുരക്ഷയ്‍ക്കടക്കം ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളടക്കം നിരവധി ഉപഗ്രഹങ്ങൾക്ക് ഈ അവശിഷ്ടങ്ങൾ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഈ അവശിഷ്ടങ്ങൾക്കിടയിലാണ് വിവിധ രാജ്യങ്ങൾ വിവിധ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രങ്ങളും ബഹിരാകാശ നിലയങ്ങളും നിലനിൽക്കുന്നത്.
എന്നാൽ ബഹിരാകാശത്തെ അവശിഷ്ടങ്ങൾ ഒന്നടങ്കം നീക്കം ചെയ്‌യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അവശിഷ്ടങ്ങൾ പലതും മണിക്കൂറിൽ 28,164 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നവയാണ്. അവയിൽ ചിലത് അതിവേഗം തിരിഞ്ഞുകൊണ്ടിരിക്കുകയുമാണ്. ഇവയെ പിടിച്ചെടുക്കുക പ്രയാസമാണ്. ഇങ്ങനെ ഓരോ അവശിഷ്ടങ്ങളെയും പെറുക്കിയെടുക്കുന്ന പേടകം നിർമിക്കുന്നതിനും വിക്ഷേപിക്കുന്നതിനും ഏറെ ചിലവേറുകയും ചെയ്‌യും.
ഒരു ചെറിയ സ്ക്രൂവിന് പോലും കനത്ത ആഘാതം സൃഷ്ടിക്കാൻ കഴിഞ്ഞേക്കും. അടുത്തിടെ ഒരു ബഹിരാകാശ അവശിഷ്ടവുമായി കൂട്ടിയിടിച്ച് ബഹിരാകാശ നിലയത്തിന്റെ ജനൽചില്ലിന് പൊട്ടലേറ്റിരുന്നു. ഇത് കൂടാതെ ചെറിയൊരു ഉൽക്കാശിലാ കഷ്ണം നിലയത്തിന്റെ റോബോട്ടിക് കൈയ്‍ക്ക് അരികിലൂടെ കടന്നുപോയി. ഭൂമിയിൽ മിസൈൽ പ്രതിരോധം, നിരീക്ഷണം, ജിപിഎസ് ഗതി നിർണയം എന്നിവയ്‍ക്ക് സഹായിക്കുന്ന ഉപകരണങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല.
ഈ സാഹചര്യത്തിൽ ബഹിരാകാശ നിലയത്തിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്‌യുന്ന സാങ്കേതിക വിദ്യ നിർമിക്കുന്നതിന് സ്വകാര്യ കമ്പനികൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന ഓർബിറ്റൽ പ്രൈം എന്നൊരു പരിപാടി ആവിഷ്കരിച്ചിരിക്കുകയാണ് യുഎസ്. യുഎസ് സ്പേസ് ഫോഴ്സിന് കീഴിലാണ് പദ്ധതി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കമ്പനികൾക്ക് 2,50,000 ഡോളറും രണ്ടാം ഘട്ടത്തിൽ 15 ലക്ഷം ഡോളറും ഫണ്ടായി ലഭിക്കും. ഭ്രമണപഥത്തിലെ ഒരു പരീക്ഷണ പ്രദർശനത്തോടെ ഓർബിറ്റൽ പ്രൈം അവസാനിക്കും.
കൈപ്പത്തിയുടെ വലിപ്പമുള്ളതും അതിനേക്കാൾ വലിപ്പമേറിയതുമായ 40000 വസ്തുക്കളെ യുഎസ് കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാൾ പത്തിരട്ടി ഇതുവരെ പിന്തുടരാൻ സാധിക്കാത്ത ചെറിയ വസ്തുക്കളും ഉണ്ട്. ബഹിരാകാശ നിലയത്തിലെ മുഴുവൻ അവശിഷ്ടങ്ങളേയും നീക്കം ചെയ്‌യാൻ ആയില്ലെങ്കിലും ഭൂമിയോട് ചേർന്ന് കിടക്കുകയും കൂടുതൽ ഉപഗ്രഹങ്ങൾ സ്ഥിതിചെയ്‌യുകയും ചെയ്‌യുന്ന ലോ എർത്ത് ഓർബിറ്റിലെ അവശിഷ്ടങ്ങൾ എങ്കിലും നീക്കം ചെയ്‌യാനാണ് യുഎസ് ലക്ഷ്യമിടുന്നത്.
Content Highlights: US seeking companies to develop tech to clean debris from low earth orbit