ന്യൂയോർക്ക്: ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിനെ വലച്ച് ഫ്ളോറിഡ സ്വദേശിയായ കൗമാരക്കാരൻ. മസ്ക് തന്റെ പ്രൈവറ്റ് ജെറ്റിൽ എവിടെയെല്ലാം പോവുന്നുവെന്ന് പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ടിന്റെ ഉടമയാണ് ജാക്ക് സ്വീനീ എന്ന 19 കാരൻ. തന്റെ യാത്രകളെ കൃത്യമായി പിന്തുടരുന്ന ഈ അക്കൗണ്ട് നീക്കം ചെയ്‌യാൻ മസ്ക് വാഗ്ദാനം ചെയ്തതാകട്ടെ 5000 ഡോളറും. എന്നാൽ ഈ വാഗ്ദാനം ജാക്ക് സ്വീനി സ്വീകരിച്ചില്ല.
ഇലോൺജെറ്റ് (@ElonJet) എന്ന ട്വിറ്റർ അക്കൗണ്ടിന് 1,50,000 ഫോളോവർമാരുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു ബോട്ട് (Bot) ഉപയോഗിച്ചാണ് മസ്കിന്റെ വിമാനയാത്രകൾ ജാക്ക് പിന്തുടരുന്നത്. വിമാനം എവിടെ നിന്ന് എപ്പോൾ പുറപ്പെട്ടുവെന്നും എവിടെ ലാൻഡ് ചെയ്തുവെന്നും എത്രനേരം യാത്ര ചെയ്തുവെന്നുമുള്ള വിവരങ്ങൾ ഉടൻ തന്നെ ട്വീറ്റ് ചെയ്‌യപ്പെടുകയും ചെയ്‌യും.
ഇത്തരത്തിൽ പ്രമുഖ വ്യക്തികളുടെ വിമാന യാത്രകൾ പിന്തുടരുന്നതിനായി ഒരു ഡസനോളം ഫ്ളൈറ്റ് ബോട്ട് അക്കൗണ്ടുകൾ ജാക്ക് വികസിപ്പിച്ചിട്ടുണ്ട്. ബിൽ ഗേറ്റിസും ജെഫ് ബെസോസുമെല്ലാം ജാക്കിന്റെ നിരീക്ഷണത്തിലാണ്.
ഇത് സുരക്ഷാ ഭീഷണിയാണെന്നും അക്കൗണ്ട് പിൻവലിക്കാമോ എന്നും ചോദിച്ച് മസ്ക് ജാക്ക് സ്വീനിയ്‍ക്ക് സന്ദേശം അയച്ചിരുന്നു. പിന്നീട് 5000 ഡോളർ പണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
എന്നാൽ ഇത് നിഷേധിച്ച ജാക്ക് സ്വീനി ആവശ്യപ്പെട്ടത് 50,000 ഡോളറാണ്. ഈ പണം തനിക്ക് കോളേജ് പഠനത്തിനും ഒരു ടെസ് ല കാർ മോഡൽ 3 വാങ്ങാനുമാണെന്നും ജാക്ക് പറഞ്ഞു.
Landed near Harlingen, Texas, US. Apx. flt. time 2 Hours : 16 Mins.
&mdash Elon Musks Jet (@ElonJet)
എന്നാൽ ഈ വിലപേശലിൽ നിന്നുകൊടുക്കാൻ തയ്‌യാറല്ലെന്ന നിലപാടാണ് മസ്ക് സ്വീകരിച്ചത്. ഈ അക്കൗണ്ട് അടച്ചുപൂട്ടാൻ പണം നൽകുന്നത് ശരിയല്ലെന്നാണ് തനിക്ക് തോന്നുന്നത് എന്ന് മസ്ക് പറഞ്ഞു.
പ്രതിഫലം അല്ലെങ്കിൽ ഇന്റേൺഷിപ്പ് പോലുള്ള ഓപ്ഷനുകളും ജാക്ക് സ്വീനി മുമ്പോട്ട് വെച്ചു. എന്നാൽ മസ്ക് ഇതിന് മറുപിടി നൽകിയിട്ടില്ല.
2018 ലെ ആദ്യ ഫാൽക്കൺ ഹെവി വിക്ഷേപണം തൊട്ട് സ്പേസ് എക്സിന്റെ കടുത്ത ആരാധകനാണ് ജാക്ക് സ്വീനി. ജാക്കിന്റെ അച്ഛൻ ഒരു എയർലൈൻസിലാണ് ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് വ്യോമയാന രംഗത്തോടുള്ള താൽപര്യം.
ഇതിൽ നിന്ന് പുറത്തുകടക്കാൻ 5000 ഡോളർ മതിയായ തുകയല്ലെന്ന് ജാക്ക് സ്വീനി പറഞ്ഞു. ആസ്വദിക്കാം എന്നല്ലാതെ ഇത് ഒന്നിനും പകരമാവില്ല.
അതേസമയം വിമാനയാത്രകൾ പിന്തുടരാതിരിക്കാൻ വേണമെങ്കിൽ ബ്ലോക്കിങ് പ്രോഗ്രാമുകൾ ഉപയോഗിക്കാമെന്ന നിർദേശം സ്വീനി മസ്കിന് നൽകിയിരുന്നു. ഈ നിർദേശം മസ്ക് സ്വീകരിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ജാക്ക് സിഎൻഎനിനോട് പറഞ്ഞു.
തിനിക്കിപ്പോഴും മസ്കിന്റെ യാത്രകൾ പിന്തുടരാനാവുമെന്നും അത് അൽപ്പം സങ്കീർണമായിട്ടുണ്ടെന്ന് മാത്രമേയുള്ളൂ എന്നും ജാക്ക് കൂട്ടിച്ചേർത്തു.
Content Highlights: Twitter account tracking Elon Musks private jetTeenager rejected 5000 dollar offer