“കടുവയുടെ വർഷ”ത്തിന് തുടക്കമാകുമ്പോൾ, ചൈനീസ് പുതുവർഷാഘോഷങ്ങളുടെ ഭാഗമാകാൻ ഓസ്ട്രേലിയൻ തപാൽ വകുപ്പ് പുതിയ സ്റ്റാമ്പ് പുറത്തിറക്കി. സൗഭാഗ്യത്തിന്റെ കടുവ അഥവാ ലക്കി ടൈഗർ ചിത്രങ്ങൾ ആലേഖനം ചെയ്താണ് സ്റ്റാമ്പ് പുറത്തിറക്കിയത്.
ഓരോ ചാന്ദ്രപുതുവർഷത്തിലും ഓസ്ട്രേലിയൻ തപാൽ വകുപ്പ് സ്റ്റാമ്പുകൾ പുറത്തിറക്കാറുണ്ട്.
ഇത്തവണ കടുവയുടെ വർഷം ആഘോഷിക്കാനായി ഭാഗ്യക്കടുവ, അഥവാ ലക്കി ടൈഗർ, സ്റ്റാമ്പുകളാണ് തപാൽവകുപ്പ് പുറത്തിറക്കിയത്.
കാളയുടെ വർഷത്തിൽ നിന്ന ഫെബ്രുവരി ഒന്നിന് കടുവയുടെ വർഷം തുടങ്ങുകയാണ്.
ശുഭാപ്തി വിശ്വാസവും, കരുത്തും കുറിക്കുന്ന വർഷമാണ് ചൈനീസ് വിശ്വാസപ്രകാരം കടുവയുടെ വർഷം.
സിഡ്നിയിലെ ക്രിസ്സി ലാവു തയ്യാറാക്കിയ സൗഭാഗ്യ കടുവയുടെ ചിത്രങ്ങളാണ് ഈ സ്റ്റാമ്പിലുള്ളത്.
ചൈനീസ്, ജാപ്പനീസ് സംസ്കാരങ്ങളിൽ പൊതുവിൽ കാണുന്ന ലക്കി ക്യാറ്റ്, അഥവാ “ഭാഗ്യപൂച്ച”കളുടെ മാതൃകയിലാണ് ഈ കടുവയുടെ ചിത്രവും തയ്യാറാക്കിയിട്ടുള്ളത്.
ഏഷ്യൻ വിശ്വാസ പ്രകാരം, സമ്പത്ത് ക്ഷണിച്ചുവരുത്താൻ കഴിയുന്നതാണ് ഭാഗ്യപ്പൂച്ചകൾ.
എന്നാൽ പാശ്ചാത്യലോകത്തും ഇവ ഇപ്പോൾ കാണാറുണ്ടെന്ന് ക്രിസ്സി ലാവു പറഞ്ഞു. ബഹുസാംസ്കാരികതയുടെ ഒരു അടയാളമാണ് ഇപ്പോൾ ഇത്.
സമാനമായ ഒന്നാണ് ഇപ്പോൾ പുറത്തിറക്കുന്ന കടുകവളുടെ ചിത്രവും.
മൂന്നു സ്റ്റാമ്പുകളാണ് തപാൽവകുപ്പ്പുറത്തിറക്കിയത്.
1.10 ഡോളറിന്റെ സ്റ്റാമ്പിൽ ചുവന്ന പൂക്കുലയും പിടിച്ചിരിക്കുന്ന കടുവയാണ് ഉള്ളത്. ചൈനീസ് വിശ്വാസപ്രകാരം പ്രതീക്ഷയയെയും നിയന്ത്രണത്തെയുമാണ് ഇത് കുറിക്കുന്നതെന്ന് ലാവു പറയുന്നു.
2.20 ഡോളറിന്റെ സ്റ്റാമ്പിൽ ചൈനീസ് കഥാപാത്രമായ “ഫു”വിനെ കൈയിലേന്തിയ കടുവയാണ്. ഫു എന്നാൽ ഭാഗ്യം എന്നാണ് അർത്ഥം.
ഒപ്പം മറുകൈയിൽ പടക്കങ്ങളുമുണ്ട്. ദുഷ്ടശക്തികളെ അകറ്റാനാണ് ഇത് എന്നാണ് വിശ്വാസം.
3.30 ഡോളറിന്റെ സ്റ്റാമ്പിൽ രണ്ടു കടുവകളാണ്. ഒരു കൈയിൽ ദീർഘായുസിന്റെ പ്രതീകമായ നിഗൂഢമായ കെട്ട് അഥവാ Chinese Knotഉം, മറുകൈയിൽ ഒരു ഓറഞ്ചുകുലയുമുണ്ട്.
സമ്പത്തിന്റെ പ്രതീകമായ ഓറഞ്ചിന് ചൈനീസ് സംസ്കാരത്തിൽ ഏറെ പ്രാധാന്യമുണ്ട്.
ചൈനീസ് സംസ്കാരവുമായി കാര്യമായി ബന്ധമൊന്നുമില്ലാത്ത പിങ്ക് നിറമാണ് ഇതിന്റെ പിന്നിലുള്ളത്.
വലന്റൈൻസ് ദിനം കൂടി വരുന്നതിനാൽ പ്രണയത്തെക്കുറിക്കാനാണ് പിങ്ക് നൽകിയതെന്ന് ലാവു പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ക്രിസ്സി ലാവുവിന്റെ ചിത്രങ്ങൾ തപാൽവകുപ്പ് സ്റ്റാമ്പിനായി തെരഞ്ഞെടുക്കുന്നത്.
ലോകം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ എല്ലാവർക്കും ചിരിക്കാൻ കഴിയുക എന്ന ലക്ഷ്യത്തിലാണ് ഈ കടുവകളെ വരച്ചതെന്ന് ക്രിസ്സി ലാവു പറയുന്നു.
കടപ്പാട്: SBS മലയാളം