ചായ പൊതുവെ ഏറ്റവും ഫലപ്രദമായ സമ്മർദ്ദം കുറയ്ക്കുന്ന പാനീയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഒരു കപ്പ് ഹെർബൽ ടീ കുടിക്കുന്നത് എല്ലാവർക്കും ആശ്വാസം നൽകും, പ്രത്യേകിച്ച് ഉത്കണ്ഠയും സമ്മർദ്ദവും അനുഭവിക്കുന്നവർക്ക്. ദൈനംദിന സമ്മർദ്ദം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ചില ചായകൾ ഇതാ.
അശ്വഗന്ധ ചായ
കാലങ്ങളായി പരമ്പരാഗത ഔഷധങ്ങളിൽ അമുക്കുരം അഥവാ അശ്വഗന്ധ ഉപയോഗിക്കുന്നു. സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രകൃതിദത്ത പരിഹാരങ്ങളിൽ ഒന്നാണ് അശ്വഗന്ധ. കഷായമായോ ചായയായോ അവ എളുപ്പത്തിൽ കഴിക്കാം. അശ്വഗന്ധ ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ പലപ്പോഴും മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ, ശരീരഭാരത്തിലെ വർദ്ധനവ് , സമ്മർദ്ദം എന്നിവയിലേക്ക് നയിക്കുന്നു. വിഷാദം, ഉത്കണ്ഠ എന്നിവയ്‌ക്കെതിരെ പോരാടാനും വൈജ്ഞാനിക പ്രവർത്തനം വർദ്ധിപ്പിക്കാനും സഹായിക്കുന്ന സമ്മർദ്ദം കുറയ്ക്കുന്ന ഗുണങ്ങളും അമുക്കുരത്തിന് ഉണ്ട്.
കറുവപ്പട്ട ചേർത്ത കട്ടൻ ചായ
കറുവപ്പട്ടയുടെ സുഗന്ധം ശരീരത്തിന് വിശ്രമം നൽകുമെന്നും അതുവഴി സമ്മർദ്ദം ഒഴിവാക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ ചൂടുള്ള കപ്പ് കട്ടൻ ചായയിൽ കറുവപ്പട്ട ചേർക്കുന്നത് ചായയുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, സമ്മർദ്ദം ഒഴിവാക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ നിങ്ങൾക്ക് നൽകുകയും ചെയ്യും. ഹൃദയസ്തംഭനം, പൊണ്ണത്തടി, രക്തസമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് സമ്മർദ്ദം. കറുവാപ്പട്ട ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, അതിനാൽ ഇവ സമ്മർദ്ദം ഒഴിവാക്കുന്നു.
ഗ്രീൻ ടീ
ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ ഏവർക്കും അറിവുള്ളതാണ്. മെറ്റബോളിസം, ശരീരഭാരം കുറയ്ക്കൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, തുടങ്ങിയവ ഇതിന്റെ ഗുണങ്ങളിൽ ഉൾപ്പെടുന്നു. ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ തിയനൈൻ തേയിലച്ചെടിയിൽ കാണപ്പെടുന്നു . ഇത് സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുന്നു. ജപ്പാനിലെ ഒരു സർവ്വകലാശാലയിൽ നടത്തിയ ഗവേഷണത്തിൽ പോലും ഗ്രീൻ ടീ പതിവായി കുടിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മർദ്ദം കുറഞ്ഞതായി കണ്ടെത്തി.
തുളസി ചായ
തുളസിയുടെ പതിവ് ഉപഭോഗം ശാരീരിക അവയവങ്ങളെ വിഷവിമുക്തമാക്കാൻ സഹായിക്കുന്നു. മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം ഒഴിവാക്കാനും തുളസി സഹായിക്കുന്നു. അതുകൂടാതെ, ആൻറി ഡിപ്രസന്റ് പ്രവർത്തനവും ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനത്തനവും മെച്ചപ്പെടുത്തുന്നതിൽ ഇത് ചെലുത്തുന്ന ഗുണങ്ങളും ഉൾപ്പെടെ നിരവധി മാനസിക നേട്ടങ്ങൾ ഇത് നൽകുന്നു. തുളസിക്ക് പാർശ്വഫലങ്ങളൊന്നുമില്ല എന്നതിനാൽ, ഇത് പൊതുവെ മിക്കവർക്കും സുരക്ഷിതമാണ്.
ലാവെൻഡർ ചായ
നമ്മിൽ പലർക്കും, ഉത്കണ്ഠ, തലവേദന, സമ്മർദ്ദം എന്നിവ ശമിപ്പിക്കുന്നതിനുള്ള ഒരു സുഗന്ധമാണ് ലാവെൻഡർ. ഇതിന് ശാന്തമായ ഫലമുണ്ട്. ലാവെൻഡർ ചെടിയുടെ ഉണങ്ങിയ മുകുളങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ലാവെൻഡർ ടീ പേശികളെ ശാന്തമാക്കുകയും അതുവഴി സമ്മർദ്ദം ഒഴിവാക്കുകയും അസഹനീയമായ തലവേദന ഒഴിവാക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക:
മുകളിൽ സൂചിപ്പിച്ച ഒട്ടുമിക്ക ഔഷധസസ്യങ്ങളും പതിറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങൾക്ക് വിധേയമാണ്, മിതമായ അളവിൽ കഴിക്കുമ്പോൾ അവ നിരുപദ്രവകരമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. എന്നിരുന്നാലും, നിങ്ങൾ ചില തരത്തിലുള്ള മരുന്നുകൾ കഴിക്കുകയോ അല്ലെങ്കിൽ ചില ഭക്ഷണ വസ്തുക്കളോട് അലർജി പ്രവണതകൾ ഉള്ളവരോ ആണെങ്കിൽ, മുകളിൽ പറഞ്ഞ ഔഷധങ്ങൾ കഴിക്കുന്നതിന് മുമ്പ് നിങ്ങൾ ഡോക്ടറെ സമീപിക്കേണ്ടതാണ്.