മെറ്റാവേഴ്സിന് ഒട്ടനവധി സാധ്യതകളുണ്ടെന്നും കമ്പനി ഈ സാങ്കേതിക വിദ്യയ്‍ക്ക് വേണ്ടി നിക്ഷേപിക്കുന്നുണ്ടെന്നും ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. ആപ്പിളിന്റെ ഒരു ഔദ്യോഗിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെറ്റാവേഴ്സിനെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ നൂതന ആശയങ്ങളുടെ വ്യവസായത്തിൽ ഏർപ്പെടുന്ന കമ്പനിയാണെന്നും ആപ്പ്സ്റ്റോറിൽ 14000 ൽ ഏറെ എആർ ആപ്പുകൾ ഉണ്ട് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് ആപ്പിൾ ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു.
മെറ്റാവേഴ്സ് എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി ആപ്പിൾ നിക്ഷേപങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ വിപണിയിൽ ഇല്ലാത്ത ചില കാര്യങ്ങളിലേക്കും കുറച്ച് നിക്ഷേപം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിർച്വൽ ആയി നിങ്ങൾക്ക് വേണ്ട സേവനങ്ങൾ എത്തിക്കുക എന്ന ആശയമാണ് മെറ്റാവേഴ്സ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. യഥാർത്ഥ ലോകത്തിന് സമാന്തരമായൊരു വിർച്വൽ ലോകമായിരിക്കും അത് എന്ന് വിലയിരുത്തപ്പെടുന്നു. എങ്കിലും മെറ്റാവേഴ്സ് എന്ന ആശയം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.
Content Highlights: Apple CEO Tim Cook sees a lot of potential in metaverse