കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരേ ചാനൽ ചർച്ചയിൽ അഭിപ്രായം പറഞ്ഞതിന് എഴുത്തുകാരൻ എം.എൻ. കാരശ്ശേരിക്കെതിരേ സൈബർ ആക്രമണം.
അടുത്തിടെ കവി റഫീഖ് അഹമ്മദിന് നേരെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽനടന്ന ചർച്ചയിൽ താൻ റഫീഖ് അഹമ്മദിന്റെ കൂടെയാണെന്നു പറഞ്ഞതാണ് ചിലരെ പ്രകോപിപ്പിച്ചതെന്ന് കാരശ്ശേരി പറഞ്ഞു.
2016-ൽ താൻ ജർമനിയിൽ പോയപ്പോൾ ഒരു ട്രെയിനിലിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് പഴിപറയുന്നത്. ബർലിൻ സർവകലാശാലയിൽ ഒരു സെമിനാറിൽ പങ്കെടുക്കാനും ഫ്രീ യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ എടുക്കാനുമാണ് അന്ന് വിദേശത്തുപോയത്.
കാശുള്ള നിങ്ങൾക്കൊക്കെ വിദേശത്തുപോയി ഇത്തരം സൗകര്യങ്ങൾ അനുഭവിക്കാം, കേരളീയർക്ക് ഇതൊന്നും വേണ്ടേ എന്ന് ചോദിച്ചുകൊണ്ടാണ് ചിലർ അധിക്ഷേപങ്ങൾ ചൊരിയുന്നത്. ഇതുകൊണ്ടൊന്നും തന്റെ വായ മൂടിക്കെട്ടാനാവില്ലെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു.
കെ-റെയിൽ പദ്ധതിക്കുവേണ്ടി 50,000 പേരെ കുടിയൊഴിപ്പിക്കുമ്പോൾ അഞ്ചു ലക്ഷം പേർ അനാഥരാവുന്ന അവസ്ഥയുണ്ട്. അവരെ പുനരധിവസിപ്പിക്കുക എന്നത് വലിയൊരു പ്രശ്നമാണ്. ഇത് ശാസ്ത്രസാഹിത്യ പരിഷത്തൊക്കെ ചൂണ്ടിക്കാട്ടിയ കാര്യമാണ്. ഇതേക്കുറിച്ചുള്ള ഒരു സംവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കുമ്പോൾ മറുവാദങ്ങളില്ലാത്തവരാണ് അധിഷേപത്തിന് മുതിരുന്നത്. തനിക്കതിൽ പരാതിയോ പരിഭവമോ ഇല്ലെന്ന് കാരശ്ശേരി പറഞ്ഞു.
ഇത്തരം വിമർശനങ്ങൾ ഉയരുമ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാടിന് വിപുലമായ ശ്രദ്ധകിട്ടുകയാണ്.
സൈബർഗുണ്ടകൾ വ്യക്തിഹത്യ നടത്തുമ്പോൾ മുട്ടുമടക്കുന്ന ഒരാളല്ല താനെന്നും ഒരു തമാശയായേ എടുക്കുന്നുള്ളൂവെന്നും കാരശ്ശേരി വ്യക്തമാക്കി.
Content Highlights: Cyber attack against M N Karassery on K Rail Criticism