കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയതിൽ രണ്ട് പോലീസുകാർക്ക് വീഴ്ച പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ച് എഎസ്പി അന്വേഷണ റിപ്പോർട്ട് ഞായറാഴ്ച കമ്മീഷണർക്ക് സമർപ്പിക്കും.
അതിനിടെ, ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളിൽ ഒരാളായ തന്റെ മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ കളക്ടർക്ക് അപേക്ഷ നൽകി. എല്ലാ നടപടികളും പൂർത്തിയാക്കിയശേഷം പെൺകുട്ടികളെ തിരികെ ചിൽഡ്രൻസ് ഹോമിൽ എത്തിച്ചിരുന്നു. പിന്നാലെയാണ് തന്റെ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്. ചിൽഡ്രൻസ് ഹോമിൽ കുട്ടി സുരക്ഷിതയെല്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപേക്ഷ വനിത – ശിശു സംരക്ഷണ ഓഫീസർക്ക് കൈമാറിയതായി കളക്ടറുടെ ഓഫീസ് അറിയിച്ചു.
അതേസമയം, ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് കേസിലെ പ്രതി ഫെബിൻ റാഫി കടന്നുകളഞ്ഞ സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് എ.സി.പി ഇന്ന് അന്വേണ റിപ്പോർട്ട് സമർപ്പിക്കും. സിറ്റി പോലീസ് കമ്മീഷണർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസുകാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. പ്രതികളെ വൈദ്യ പരിശോധനകൾക്ക് കൊണ്ടുപോകുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനും രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിങ്കളാഴ്ച പോലീസ് തീരുമാനമെടുക്കും.
Content Highlights: kozhikod childrens home case