ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ 5ജി അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും 13 മെട്രോ നഗരങ്ങളിലാവും ഇത് ആദ്യം അവതരിപ്പിക്കപ്പെടുകയെന്നാണ് ടെലികോം വകുപ്പിന്റെ പ്രഖ്യാപനം. 5ജി സാങ്കേതിക വിദ്യയ്‍ക്കായുള്ള തയ്‌യാറെടുപ്പുകളിൽ റിലയൻസ് ജിയോ ഏറെ മുന്നേറിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 1000 നഗരങ്ങളിൽ 5ജി കവറേജ് എത്തിക്കുന്നതിനുള്ള പദ്ധതികളുടെ ആസൂത്രണം പൂർത്തിയായതായി അടുത്തിടെ ജിയോ പ്രഖ്യാപിച്ചിരുന്നു.
തദ്ദേശീയമായി വികസിപ്പിച്ച 5ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയുമാണ് ജിയോ 5ജി പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോഴിതാ കമ്പനി നടത്തിയിരിക്കുന്ന 5ജി വേഗ പരിശോധനയുടെ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു.
91 മൊബൈൽസ് പുറത്തുവിട്ട സ്ക്രീൻ ഷോട്ടിലെ വിവരം അനുസരിച്ച് റിലയൻസ് ജിയോയുടെ 5ജി നെറ്റ് വർക്ക് നിലവിലുള്ള 4ജി നെറ്റ് വർക്കിനേക്കാൾ എട്ടിരട്ടി വേഗത്തിലായിരിക്കും സേവനം നൽകുക. 420 എംബിപിഎസ് ഡൗൺലോഡ് വേഗവും 412 എംബിപിഎസ് അപ് ലോഡ് വേഗവും കൈവരും. അതായത് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ ഒരു മിനിറ്റിനുള്ളിൽ ഡൗൺലോഡ് ചെയ്‌യാൻ സാധിക്കും വിധത്തിലുള്ള വേഗം.
മുംബൈ നഗരത്തിലാണ് 5ജി നെറ്റ് വർക്കിന്റെ വേഗ പരിശോധന നടന്നത്. റിലയൻസ് ജിയോയുടെ നിലവിലുള്ള 4ജി നെറ്റ് വർക്കിന് 46.82 എംബിപിഎസ് ഡൗൺലോഡ് വേഗവും 25.31 എംബിപിഎസ് അപ് ലോഡ് വേഗവുമാണുള്ളത്.
അതായത് 4ജിയിൽ ലഭിക്കുന്ന കണക്റ്റിവിറ്റിയുടെ വേഗതയേക്കാൾ എത്രയോ വേഗത്തിൽ 5ജി നെറ്റ് വർക്കിലെ ബ്രൗസിങും ഇന്റർനെറ്റ് ഉപയോഗവും സാധ്യമാവും.
അതേസമയം ആദ്യ ഘട്ട പരീക്ഷണങ്ങളിലൊന്നിന്റെ സ്ക്രീൻഷോട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യഥാർത്ഥത്തിൽ പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാക്കുമ്പോൾ ഇപ്പോൾ കണ്ട വേഗതയിൽ കുറവ് സംഭവിക്കാനിടയുണ്ട്. ഉപയോഗം വർധിച്ചപ്പോൾ 4ജി നെറ്റ് വർക്ക് വേഗം കുറഞ്ഞത് നിങ്ങൾക്ക് അനുഭവം ഉണ്ടാവുമല്ലോ.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഗുരുഗ്രാം, ചണ്ഡീഗഡ്, ബംഗളുരു, അഹമ്മദാബാദ്, ജാംനഗർ, ഹൈദരാബാദ്, പുനെ, ലഖ്നൗ, ഗാന്ധിനഗർ ഉൾപ്പടെയുള്ള നഗരങ്ങളിലാണ് തുടക്കത്തിൽ 5ജി വിന്യസിക്കുകയെന്ന് ടെലികോം വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ആരോഗ്യ രംഗത്തും, വ്യവസായിക ഓട്ടോമേഷൻ രംഗത്തും ജിയോ 5ജിയുടെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്.
ടെലികോം ഉപഭോക്താക്കളായ എയർടെലും, വോഡഫോൺ ഐഡിയയും ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5ജി അവതരിപ്പിച്ചേക്കും. 5ജിക്ക് 4ജിയേക്കാൾ ചിലവ് വർധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Reliance Jio 5G speed eight times faster than 4G test details leaked