തിരുവനന്തപുരം> മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ .
വേറിട്ട ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരിക്കുമ്പോഴും മറ്റുള്ളവരോടു നടത്തിയ ലാളിത്യമാർന്ന ഇടപെടലുകൾ വഴി ‘സോമേട്ടൻ’ എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ഇ സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്.
‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം പ്രതിവാര രാഷ്ട്രീയ പംക്തി എഴുതിയിട്ടുണ്ട്. ‘നടുത്തളം’ എന്ന പേരിൽ നിയമസഭാവലോകനവും ദീർഘകാലം തയ്യാറാക്കി. മുപ്പതുവർഷത്തിനിടെ അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്. നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂർവത കണക്കിലെടുത്ത് സാമാജികർക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമിൽ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ആഗസ്തിൽ സോമനാഥിനെ ആദരിച്ചിരുന്നു.
34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച ഇ സോമനാഥ് കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രകൃതിസ്നേഹി കൂടിയായ സോമനാഥ് പരിസ്ഥിതി സംബന്ധമായ നിരവധി റിപ്പോർട്ടുകളും ചെയ്തിട്ടുണ്ട്.
ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്: മിഥുന്.വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി എം ഗോപാലൻ നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ ദേവകിയമ്മയുടെയും മകനാണ്.