മാക്ക് (Mac) കംപ്യൂട്ടറിലെ വെബ് ക്യാമറയുടെ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിന് സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയായ റയാൻ പിക്രെനിന് ആപ്പിളിന്റെ പാരിതോഷികം. 100,500 ഡോളറാണ് പാരിതോഷികമായി നൽകിയത്. മാക്ക് കംപ്യൂട്ടറുകളിലെ വെബ് ക്യാമറ ഹാക്കർമാർക്ക് അനധികൃതമായി ഉപയോഗിക്കാൻ സാധിക്കുന്ന പ്രശ്നമാണ് റയാൻ കണ്ടെത്തിയത്. ഐക്ലൗഡ് ഷെയറിങ്, സഫാരി15 എന്നിവയിലെ ഒരു കൂട്ടം പ്രശ്നങ്ങൾ പ്രയോജനപ്പെടുത്തിയാൽ ഒരു ഹാക്കറിന് മാക്കിലെ വെബ്ക്യാമിലേക്ക് പ്രവേശം ലഭിക്കുമെന്ന് റയാൻ ഒരു ബ്ലോഗ്പോസ്റ്റിൽ പറയുന്നു.
മാക്ക് ഉപഭോക്താവ് സന്ദർശിച്ച എല്ലാ വെബ്സൈറ്റുകളിലേക്കും ഇതുവഴി ഹാക്കർക്ക് പ്രവേശിക്കാൻ സാധിക്കും. അതായത് ക്യാമറ ഓൺ ആക്കാൻ സാധിക്കുന്നതിന് പുറമെ നിങ്ങളുടെ ഐക്ലൗഡ്, പേപാൽ, ഫേസ്ബുക്ക്, ജിമെയിൽ പോലുള്ള അക്കൗണ്ടുകൾ ഹാക്ക് ചെയ്‌യാനും ഈ സുരക്ഷാ പ്രശ്നത്തിലൂടെ സാധിക്കുമായിരുന്നുവെന്നും റയാൻ പറയുന്നു.
സഫാരി ബ്രൗസറിലെ വെബ് ആർക്കൈവ് ഫയൽസ് ചൂഷണം ചെയ്ത് ഒരു ഹാക്കർക്ക് കംപ്യൂട്ടറിലെ മുഴുവൻ ഫയലുകളിലേക്കും പ്രവേശനം ലഭിക്കും.
ഈ പ്രശ്നങ്ങളൊന്നും തന്നെ ആപ്പിൾ എടുത്തു പറഞ്ഞിട്ടില്ല. എങ്കിലും സോഫ്റ്റ് വെയർ സെക്യൂരിറ്റി ഫിക്സ് അവതരിപ്പിച്ചിട്ടുണ്ട്.
ആപ്പിൾ ഉപകരണങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുന്ന ബഗ് ബൗണ്ടി പ്രോഗ്രാമിൽ 100,000 ഡോളറാണ് കമ്പനി വാഗ്ദാനം ചെയ്‌യുന്നത്.
Content Highlights: Apple pays $100,500 to student for finding Mac webcam vulnerability